ആഴക്കടലിൽ തലയില്ലാത്ത കോഴി ചെകുത്താൻ; വിചിത്ര ജീവി കൗതുകമാകുന്നു!

കഴിഞ്ഞ ഞായറാഴ്ച അന്റാർട്ടിക് സമുദ്രാന്തർ ഭാഗത്തു നിരീക്ഷണം നടത്തിയിരുന്ന ഗവേഷകരുടെ മുന്നിലേക്കാണ് തലയില്ലാത്ത കോഴി ചെകുത്താനെത്തിയത്. ഒറ്റ നോട്ടത്തിൽ ചുവന്ന നിറത്തിലുള്ള ഈ വിചിത്ര ജീവിയെ കണ്ടാൽ തലയില്ലാത്ത കോഴിയാണെന്നേ തോന്നൂ. ആദ്യമായിട്ടാണ് അന്റാർട്ടിക് സമുദ്രമേഖലയിൽ ഈ ജീവിയെ കണ്ടെത്തുന്നത്.

സീ കുക്കുമ്പർ അഥവാ കടൽപ്പുഴു എന്നറിയപ്പെടുന്ന ഇവയെ മുൻപ് ഗൾഫ് ഓഫ് മെക്സിക്കൻ മേഖലയിൽ കണ്ടെത്തിയിട്ടുണ്ട്.എനിപ്നെയാസ്റ്റെസ് എക്സിമിയ എന്നാണ് ഇവയുടെ ശാസ്ത്രനാമം. കടലിന്നടിത്തട്ടിലൂടെ വളരെ പതിയെയാണ് ഇവയുടെ സഞ്ചാരം. ശരീരത്തിലുള്ള ടെന്റക്കിളാണ് ഇവയെ മണൽപ്പരപ്പിലൂടെ നീങ്ങാൻ സഹായിക്കുന്നത്. ശരീരത്തോട് ചേർന്ന് ചിറകുകൾ പോലുള്ള ഭാഗവും ഇവയ്ക്കുണ്ട്.

അന്റാർട്ടിക് ഡിവിഷനിയെ ഗവേഷകരാണ് അപൂർവമായ ഈ ദൃശ്യങ്ങൾ കടലാഴങ്ങളിൽ നിന്ന് പകർത്തിയത്. ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ദൃശ്യങ്ങൾ ഇതുവരെ ആറരലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. 

നക്ഷത്ര മത്സ്യങ്ങൾ ഉൾപ്പെടുന്ന എക്കാനോഡെർമറ്റ എന്ന കടജീവി വിഭാഗത്തിൽ പെടുന്നവയാണ് ഈ വിചിത്ര ജീവിയും. ഭൂരിഭാഗം സമയവും കടലിന്റെ അടിത്തട്ടിലാണ് ഇവ ജീവിക്കുന്നത്. കടലിന്റെ അടിത്തട്ടിലുള്ള ആൽഗകളാണ് ഇവയുടെ പ്രധാന ഭക്ഷണം.

സമുദ്രാന്തർ ഭാഗത്തുനിന്ന് ചിത്രീകരിക്കുന്ന പല ജീവികളുടെയും ദൃശ്യങ്ങൾ ഇതുപോലെ അമ്പരപ്പെടുത്തുന്നതാണെന്ന് സമുദ്രാന്തർ ഗവേഷകനായ ഡെറിക് വെൽസ്ഫോർഡ് വ്യക്തമാക്കി.