വിടർന്ന വായ, കൂർത്ത പല്ലുകൾ; ആഴക്കടലിൽ ഒളിച്ചിരിക്കുന്ന ‘ചെകുത്താൻ’ മത്സ്യം!

Sarcastic fringehead
SHARE

ചെകുത്താനുണ്ടോയെന്നോ അതിന്റെ മുഖം എങ്ങനെയിരിക്കുമെന്നോ ആര്‍ക്കുമറിയില്ല. എന്നാൽ ചെകുത്താന്‍റെ രൂപവും മുഖവുമെല്ലാം സ്വാഭാവികമായും ഭയപ്പെടുത്തുന്നതായിരിക്കുമെന്ന് എല്ലാവർക്കുമറിയാം. അതുകൊണ്ടു തന്നെയാണ് പസിഫിക് സമുദ്രത്തിലുള്ള സര്‍ക്കാസ്റ്റിക് ഫ്രിഞ്ച്ഹെഡ് എന്ന ജീവിക്ക് ചെകുത്താന്‍റെ മുഖമുള്ള ജീവിയെന്ന വിളിപ്പേരു ലഭിച്ചതും. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നിങ്ങള്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും പേടിപ്പെടുത്തുന്ന ഒരു രൂപമാണ് ഈ വിചിത്ര ജീവിക്ക്.

ഒറ്റ നോട്ടത്തില്‍ ഒരു നാണം കുണുങ്ങി സാധാരണ മത്സ്യമാണന്നേ സര്‍ക്കാസ്റ്റിക് ഫ്രിഞ്ച് ഹെഡിനെ കണ്ടാല്‍ തോന്നൂ. സമുദ്രത്തിനടിയിലെ പറക്കെട്ടുകള്‍ക്കിടയില്‍ ഒളിച്ചു കഴിയുന്നതാണ് ഇവയുടെ രീതി. പക്ഷെ തങ്ങളുടെ നിശ്ചിത പരിധിക്കുള്ളില്‍ ഏതു ജീവിയെത്തിയാലും ഇവ ചാടിവീണ് ആക്രമിക്കും. മികച്ച വേട്ടക്കാര്‍ കൂടിയായ ഇവയ്ക്ക് തങ്ങള്‍ ആക്രമിക്കുന്ന വസ്തുവിന്‍റെയോ ജീവിയുടെയോ വലുപ്പമൊന്നും ഒരു വിഷയമല്ല. അതുകൊണ്ട് തന്നെ ആഴക്കടലില്‍ ഡൈവിങ്ങിനിറങ്ങുന്നവര്‍ പോലും പലപ്പോഴും ഇവയുടെ ആക്രമത്തിന് ഇരയാകാറുണ്ട്.

പേടിപ്പിക്കുന്ന രൂപമാറ്റം

Sarcastic fringehead

സാധാരണ മത്സ്യത്തിന്‍റെ രൂപത്തില്‍ നിന്ന് അക്രമകാരികളാകുമ്പോള്‍ ഇവയ്ക്കുണ്ടാകുന്ന രൂപമാറ്റം ആരെയും ഒന്നു പേടിപ്പിക്കും. പ്രിഡേറ്റര്‍ സിനിമയിലെ അന്യഗ്രഹ ജീവിയെ ഓര്‍മ്മിപ്പിക്കും വിധം വായയുടെ ഇരു വശവും വിടരുകയും കൂര്‍ത്ത പല്ലുകളും പേടിപ്പെടുത്തുന്ന മുഖവുമുള്ള മറ്റൊരു ജീവിയായി ഇവ മാറുകയും ചെയ്യും. ഈ രൂപം തന്നെയാണ് ചെകുത്താന്‍റെ മുഖമുള്ള ജീവി എന്ന പേര് ഇവയ്ക്ക് നേടിക്കൊടുത്തതും. ഇങ്ങനെ പേടിപ്പിക്കുക മാത്രമല്ല കൂര്‍ത്ത പല്ലുകള്‍ ഉപയോഗിച്ച് ശത്രുവിന്‍റെ ശരീരത്തില്‍ ആഞ്ഞു കടിക്കുന്ന ഇവ ഈ പിടി അത്ര എളുപ്പത്തിലൊന്നും വിടാനും തയ്യാറാകില്ല.

ആണുങ്ങളായ സര്‍ക്കാസ്റ്റിക് ഫ്രിഞ്ച് ഹെഡുകാളാണ് ഏറ്റവും അക്രമകാരികള്‍. മറ്റു ജീവികളോട് പോരടിക്കുമ്പോള്‍ മാത്രമല്ല സ്വന്തം വർഗത്തിലെ ജീവികളുമായി ഏറ്റുമുട്ടുമ്പോഴും ഇവ ഇത്തരത്തില്‍ പേടിപ്പിക്കുന്ന രൂപത്തിലേക്കു മാറുന്നത് കാണാം. ഒഴിഞ്ഞ ചിപ്പികളിലും, ശംഖുകളിലും മറ്റുമാണ് സാധാരണയായി ഇവ വസിക്കുന്നത്. യുഎസിലെ സാന്‍ഫ്രാന്‍സിസ്കോ മുതല്‍ മെക്സികോയിലെ ബെജാ കലിഫോര്‍ണിയ വരെയുള്ള പ്രദേശത്ത് തീരത്തു നിന്ന് അധികം അകലയല്ലാതെയാണ് ഇവ കാണപ്പെടുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA