വൈപ്പിൻ തീരത്തു കടൽക്കുറി ഞ്ഞികളുടെ വയലറ്റ് വസന്തം!

വൈപ്പിൻതീരത്തെ കടൽക്കുറിഞ്ഞിപ്പൂക്കൾ.

മൂന്നാർ മലകളിൽ  നീലക്കുറിഞ്ഞി പൂത്തതിനൊപ്പം വൈപ്പിൻ തീരത്തു കടൽക്കുറിഞ്ഞികളുടെ വയലറ്റ് വസന്തം.  പ്രളയം കഴിഞ്ഞു കടൽത്തീരത്തെ മണൽപരപ്പുകൾ ഉപ്പുരസം വീണ്ടെടുത്തതോടെ  തീരമാകെ പടർന്നുവളർന്ന്  വൻതോതിലാണ് പൂവിട്ടത്. തീരദേശ റോഡ് വഴി  യാത്രചെയ്യുന്നവർക്കാണ് ഈ അപൂർവ  ദൃശ്യം ആസ്വദിക്കാൻ കഴിയുക.

മൂന്നാറിലെ നീലക്കുറിഞ്ഞികളെ അനുസ്മരിപ്പിക്കുന്നതിനാലാണ്  ഇവയ്ക്കു  കടൽക്കുറിഞ്ഞിയെന്നു  പേരുവീണത്. മണ്ണിലെ ഉപ്പിന്റെ  അംശം പ്രശ്നമല്ലാത്ത ‘സാൾട്ട് റെസിസ്റ്റന്റ്’  വിഭാഗത്തിൽ പെടുന്നവയാണ് ‘അടമ്പ് ’ എന്നും വിളിപ്പേരുള്ള  ഇവ. ‘ഐപ്പോമിയ ബലോമിയ’ എന്നാണു ശാസ്ത്രനാമം.  പെട്ടെന്നു പടർന്നുവളരുന്നതിനാൽ ആഴ്ചകൾക്കുള്ളിൽ പ്രദേശമാകെ വ്യാപിക്കും.

കോളാമ്പിയുടെ ആകൃതിയിലുള്ള വയലറ്റ് പൂക്കൾക്ക് അധികദിവസം ആയുസ്സില്ലെങ്കിലും ഒരോ ദിവസവും നൂറുകണക്കിനു  പുതിയ പൂക്കൾ വിരിയുമെന്നതിനാൽ  ആഴ്ചകളോളം കടൽത്തീരം വയലറ്റ് പരവതാനി വിരിച്ച പ്രതീതിയിലാവും.

പുല്ലുപോലും കിളിർക്കാത്ത മണൽപരപ്പ്  പൂന്തോട്ടമായി  മാറിയതു വിദേശികളടക്കമുള്ള വിനോദ സഞ്ചാരികളിലും കൗതുകമുണർത്തുന്നു. പൂപ്പരപ്പിൽ ഇരുന്നും കിടന്നുമൊക്കെ  ചിത്രങ്ങളെടുത്താണു  പലരും ബീച്ചിൽ നിന്നു മടങ്ങുന്നത്.  വീട്ടുമുറ്റത്തു  നടാനായി  ചെടിയുടെ  തണ്ട്  മുറിച്ചെടുത്തുകൊണ്ടുപോകുന്നവരുണ്ടെങ്കിലും കടൽത്തീരത്തല്ലാതെ മറ്റൊരിടത്തും  ഇവ നന്നായി വളരില്ലെന്നു നാട്ടുകാർ പറയുന്നു.