Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവൾ ഏറെ സ്നേഹിച്ചവർ തന്നെ ജീവനെടുത്തു

Rosa King Rosa King

കടുവയുടെ ആക്രമണത്തിൽ മൃഗശാലാ ജീവനക്കാരി ദാരുണമായി കൊല്ലപ്പെട്ടു. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്ഷെയറിലുള്ള ഹാമെർട്ടൺ മൃഗശാലയിലാണ് ഞെട്ടിക്കുന്ന സംഭംവം നടന്നത്. 33കാരിയായ റോസ കിംഗ് എന്ന വനിതാ ജീവനക്കാരിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭംവം. എല്ലാ ജീവികളോടും സ്നേഹപൂർവ്വം പെരുമാറുന്ന റോസിന്റെ മരണം മൃഗശാലാ ജീവനക്കാരെ ഞെട്ടിച്ചു.

മതിൽക്കെട്ടിനുള്ളിൽ പതിവു ജോലികളിൽ മുഴുകിയ റോസിനെ അവിടേക്ക് അതിക്രമിച്ചു കയറിയ കടുവ ആക്രമിക്കുകയായിരുന്നു. കടുവ ആക്രമിക്കുന്നതു കണ്ട് ജീവനക്കാരെത്തിയെങ്കിലും സഹപ്രവർത്തകയെ രക്ഷിക്കാനായില്ല. സംഭവം നടന്ന ഉടൻതന്നെ മൃഗശാലാ അധികൃതർ പൊലീസിനെ വിവരമറിയിച്ചു. കടുവ പുറത്തു ചാടിയെന്ന അഭ്യൂഹത്തെത്തുടർന്ന് സന്ദർശകരെയും മൃഗശാലയിൽ നിന്നൊഴിപ്പിച്ചു.

അപകടകരമായതെന്തോ നടന്നുവെന്നല്ലാതെ എന്താണു സംഭവിച്ചതെന്ന് സന്ദർശകർക്കാർക്കും മനസിലായിരുന്നില്ല. എയർ ആംബുലൻസും മെഡിക്കൽ സംഘവും പൊലീസുമെല്ലാം  ഉടൻതന്നെ സംഭവസ്ഥലത്തെത്തിയെങ്കിലും റോസിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃഗസ്നേഹിയായ റോസിന്റെ വിയോഗം സഹപ്രവർത്തകരെ ദുഖത്തിലാഴ്ത്തി. മൃഗങ്ങൾക്കും മനുഷ്യർക്കും ഒരേപോലെ പ്രിയപ്പെട്ടവളായിരുന്നു റോസ്. മൃഗശാലയുടെ ആണിക്കല്ലായിരുന്ന റോസിന്റെ വിയോഗം നികത്താനാവാത്തതാണെന്നും സഹപ്രവർത്തകർ പറഞ്ഞു.

സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുമെന്നും ഉടൻതന്നെ വിവരങ്ങൾ പുറത്തു വിടുമെന്നും മൃഗശാലാ അധികൃതർ പറഞ്ഞു. മൃഗശാലയിൽ നിന്ന് മൃഗങ്ങളൊന്നും പുറത്തു ചാടിയിട്ടില്ലെന്നും ജീവനക്കാരിയെ ആക്രമിച്ച കടുവയെ കൊന്നെന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും അധികൃതർ വ്യക്തമാക്കി.