കടല്‍ ചൂട് പിടിക്കുന്നു; ലോകം കണ്ടതിൽ വെച്ചേറ്റവും വലിയ കുടിയേറ്റത്തിനൊരുങ്ങി ഭൂമി

x-default

ലോകം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവു വലിയ കുടിയേറ്റത്തിന് തയാറെടുക്കുകയാണ് ഭൂമി. വര്‍ധിച്ചു വരുന്ന താപനിലയില്‍ നില്‍ക്കക്കള്ളിയില്ലാതാകുന്നതോടെ മനുഷ്യനെന്നോ ജന്തുവെന്നോ വ്യത്യാസമില്ലാതെ അനുകൂലമായ സാഹചര്യങ്ങളിലേക്ക് ജീവനുള്ളവയെല്ലാം തങ്ങളുടെ ജീവിതം പറിച്ചുനടും. ഈ കുടിയേറ്റത്തിന്റെ ആദ്യഘട്ടം ആരംഭിച്ചിരിക്കുന്നത് സമുദ്രത്തിലാണ്. ചെറുജീവികള്‍ പലതും കുടിയേറ്റം നേരത്തെ തന്നെ തുടങ്ങി. ധ്രുവപ്രദേശത്ത് കാണപ്പെടാത്ത പല ഇനം തിമിംഗലങ്ങളെയു സ്രാവുകളെയും മറ്റും വര്‍ഷത്തില്‍ ഏതാണ്ട് എല്ലാ സമയവും ആ മേഖലകളില്‍ കാണാന്‍ തുടങ്ങി. ഈ പട്ടികയിലെ ഏറ്റവും പുതിയ അംഗങ്ങളാണ് ബോട്ടില്‍ നെക്ക് ഡോള്‍ഫിനുകളും, ബുള്‍ സ്രാവുകളും. 

ഭൂമധ്യരേഖാ പ്രദേശത്തിന് ചുറ്റുമുള്ള ഉഷ്ണ മേഖലകളില്‍ കാണപ്പെടാറുള്ളവയാണ് ഈ രണ്ട് ഇനത്തില്‍ പെട്ട ജീവികളും. വേനല്‍ക്കാലത്ത് പോലും ദക്ഷിണ ഉത്തരായന രേഖകള്‍ താണ്ടാത്തവര്‍. ഈ ജീവികളും ഇപ്പോള്‍ ധ്രുവപ്രദേശത്തേക്ക് നീങ്ങുന്നു എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. കണക്കുകൂട്ടലുകള നുസരിച്ച് ഏതാണ്ട് രണ്ട് വര്‍ഷത്തോളമായി ഈ കുടിയേറ്റം ആരംഭിച്ചിട്ട്. സമുദ്രത്തിലെ ഭക്ഷ്യശൃംഖലയെ തന്നെ ഉടച്ചുവാര്‍ക്കാന്‍ കെല്‍പ്പുള്ളതാണ് ഇത്തരത്തിലുള്ള തിമിംഗലങ്ങളുടെയും സ്രാവുകളുടെയും ഡോള്‍ഫിനുകളുടെയും കുടിയേറ്റം.

കടുത്ത ശൈത്യം അനുഭവപ്പെട്ടിരുന്ന പ്രദേശങ്ങളിലൊന്നാണ് കാനഡയുടെ പടിഞ്ഞാറന്‍ തീരം. ഈ മേഖലയിലെ വാന്‍കുവര്‍ ദ്വീപിന് സമീപമാണ് ബോട്ടില്‍ നെക്ക് ഡോള്‍ഫിനുകളെയും ബുള്‍ സ്രാവുകളെയും കണ്ടെത്തിയത്. ഡോള്‍ഫിനുകളുടെ എണ്ണം ഏതാണ്ട് ഇരുന്നൂറോളം ആയിരുന്നു. ബുള്‍ ഷാര്‍ക്കുകള്‍ എഴുപതോളവും.  ശൈത്യമേഖലയിലേക്ക് കുടിയേറിയ ഈ ഇനത്തില്‍ പെട്ട ജീവികളുടെ ചെറിയൊരു ശതമാനം മാത്രമായിരിക്കുമെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്.

സമുദ്രത്തിലെ ഭക്ഷ്യശ്രംഖലയില്‍ സാരമായ മാറ്റങ്ങള്‍ വരുത്തുന്നതാണ് ഈ കുടിയേറ്റം. വേട്ടക്കാരില്ലാതാകുന്നതോടെ ഭുമധ്യരേഖയില്‍ ഇവയുടെ ഇരകളായ മത്സ്യങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കാനിടയുണ്ട്. ഈ മേഖലയിലെ ജൈവവൈവിധ്യത്തിന് തിരിച്ചടി ആയേക്കാം. അതേസമയം വലിയ ജീവികളെല്ലാം കൂട്ടത്തോടെ ശൈത്യമേഖലകളിലേക്ക് കുടിയേറുമ്പോള്‍ ഈ മേഖലയില്‍ കടുത്ത ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്ന കാര്യവും ഉറപ്പാണ്. 

കുള്ളന്‍ തിമിംഗലങ്ങള്‍, പിഗ്മി തിമിഗലങ്ങള്‍ ചെറിയ കൊമ്പുള്ള തിമിംഗലങ്ങള്‍ എന്നിവയെയും ഈ സീസണില്‍ ആദ്യമായി ശൈത്യമേഖലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ എണ്ണത്തിൽ കുറവായതിനാൽ വഴിതെറ്റിയെത്തിയതാകാന്‍ സാധ്യതയുണ്ടെങ്കിലും കുടിയേറ്റമാകാം എന്ന നിഗമനത്തിനാണ് ഗവേഷകര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. വലിയ ജീവികളെ കൂടാതെ ഉഷ്ണമേഖലയില്‍ കാണപ്പെടുന്ന നിരവധി ചെറുമത്സ്യങ്ങളെയും ജീവികളെയും വടക്കന്‍ പസഫിക്കിലെ തണുത്ത മേഖലകളില്‍ ഇപ്പോള്‍ വ്യാപകമായി കാണുന്നുണ്ടെന്നതും സമുദ്രത്തില്‍ നടക്കുന്ന വലിയ കുടിയേറ്റത്തിന്റെ സൂചനകളാണ് നല്‍കുന്നത്.