2019ല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം സര്‍വകാല റെക്കോര്‍ഡിലേക്ക്; മുന്നറിയിപ്പുമായി ഗവേഷകർ

carbon-dioxide
SHARE

2016ലും 2017ലും അന്തരീക്ഷത്തിലേക്കുള്ള കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ അളവിൽ കുറവു രേഖപ്പെടുത്തിയിരുന്നു. പാരിസ് ഉച്ചകോടിയും തുടര്‍ന്നുണ്ടായ കാര്‍ബണ്‍ നിയന്ത്രണ നടപടികളുമായിരുന്നു ഇതിനു കാരണം. എന്നാല്‍ അമേരിക്ക പാരിസ് ഉച്ചകോടിയില്‍ നിന്നു പിന്‍മാറിയതിലൂടെ ലോകരാജ്യങ്ങള്‍ തന്നെ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ നിന്നു പിന്നോട്ടു പോവുകയാണ്. ഇതോടെ 2018 മുതല്‍ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ വീണ്ടും വർധനവു രേഖപ്പെടുത്തി. 2019ല്‍ കഴിഞ്ഞ ആറ് ദശാബ്ദങ്ങളിലുണ്ടായിട്ടുള്ള ഏറ്റവും വലിയ കാര്‍ബണ്‍ ബഹിര്‍ഗമനമാകും ഉണ്ടാവുകയെന്നു ഗവേഷകര്‍ മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്.

യുകെയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും, എക്സ്റ്റര്‍ സര്‍വകലാശാലയും ചേര്‍ന്നാണ് ഈ പഠനം നടത്തിയത്. ഇപ്പോള്‍ തുടരുന്ന കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്‍റെ അളവും സമുദ്രങ്ങളും വനങ്ങളും ഉള്‍പ്പടെയുള്ളവ അന്തരീക്ഷത്തില്‍ നിന്നു സ്വീകരിക്കുന്ന കാര്‍ബണ്‍ഡയോക്സൈഡിന്‍റെ അളവും കണക്കാക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. ഫോസില്‍ വാതകങ്ങളുടെ ഉപയോഗത്തിലും, വനനശീകരണത്തിലും ഇതുവരെ കാര്യമായ കുറവനുഭവപ്പെട്ടിട്ടില്ല. ഇതോടൊപ്പം സിമന്‍റെ് ഉൽപാദനം ഉള്‍പ്പടെയുള്ള നിരവധി വ്യവസായങ്ങളും കാര്‍ബണ്‍ വ്യാപകമായി പുറത്തേക്കു വിടുന്നുണ്ട്. ഈ സാഹചര്യങ്ങളെല്ലാം തന്നെ 2019 ലും കാര്‍ബണിന്‍റെ അളവില്‍ വന്‍ വർധനവുണ്ടാകുമെന്ന നിഗമനത്തെ സാധൂകരിക്കുന്നതാണ്.

അന്തരീക്ഷത്തിലെ കാര്‍ബണിന്‍റെ ഇപ്പോഴത്തെ അളവ്

carbon

കഴിഞ്ഞ അറുപതു വര്‍ഷത്തിനിടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ അളവില്‍ 30 ശതമാനം വർധനവുണ്ടായെന്നാണു കണക്കാക്കുന്നത്. ഹവായിയിലെ മൗനാ ലബോറട്ടറിയില്‍ നിന്നുള്ള രേഖകള്‍ ഈ കണക്കുകൂട്ടല്‍ ശരിവയ്ക്കുന്നു. ഇതേ വർധനവ് അടുത്ത പത്തോ പതിനഞ്ചോ വര്‍ഷത്തിനുള്ളില്‍ ഉണ്ടായേക്കാമെന്നാണു ഗവഷകര്‍ പ്രവചിക്കുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ ആഗോളതാപനം ഉള്‍പ്പടെയുള്ള വിപത്തുകളുടെ വേഗം വർധിക്കുമെന്നതില്‍ സംശയമില്ല. കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നതും അന്തരീക്ഷത്തിലെ കാര്‍ബണ്‍ സസ്യങ്ങളാലും മറ്റ് ഭൗമ പ്രതിഭാസങ്ങളാലും സ്വാംശീകരിക്കുന്നതിനെ പരിമിതപ്പെടുത്തുന്നുണ്ട്. ഇങ്ങനെ കാര്‍ബണ്‍ സിങ്കിങ് എന്ന സ്വാഭാവിക പ്രതിഭാസത്തിൽ കുറവുണ്ടാകുന്നതും അന്തരീക്ഷത്തിലെ കാര്‍ബണ്‍ വർധനവിനു കാരണമാണ്. 

2018 ലും 2.75 പിപിഎം വർധനവാണ് 2019 ല്‍ ഉണ്ടാകുക എന്നാണു കണക്കാക്കുന്നത്. ഇതു സംഭവിച്ചാല്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങള്‍ക്കിടെ സംഭവിക്കുന്ന ഏറ്റവും വലിയ വർധനവായി 2019 ലേതു മാറും. 2019 ല്‍ അന്തരീക്ഷത്തിലുണ്ടാകുന്ന ശരാശരി കാര്‍ബണിന്‍റെ അളവ് 411.3 പിപിഎം ആയിരിക്കും. മെയ് മാസത്തിലാണ് കാര്‍ബണ്‍ഡയോക്സൈഡിന്‍റെ അളവ് ഏറ്റവും ഉയര്‍ന്ന തോതില്‍ എത്തുക. 414.7 ആയിരിക്കും മെയ് മാസത്തിൽ അന്തരീക്ഷത്തിലെ കാര്‍ബണിന്‍റെ അളവ്.

സസ്യങ്ങളുടെ പങ്കാളിത്തം പ്രധാനം.

plants

സസ്യങ്ങള്‍ ശ്വസനത്തിനായി എത്ര കാര്‍ബണ്‍ഡയോക്സൈഡ് ഉപയോഗിക്കുന്നു എന്നതാണ് കാര്‍ബണിന്‍റെ അന്തരീക്ഷത്തിലെ അളവിനെ നിര്‍ണയിക്കുന്നത്. ഇതാണ് വനനശീകരണവും മറ്റും വ്യാപകമാകുമ്പോള്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ബഹിര്‍ഗമനം വർധിക്കാനുള്ള ഒരു കാരണവും. കരഭാഗം കൂടുതലും ഭൂമിയുടെ ഉത്തരാർധത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഈ മേഖലയിലെ കാലാവസ്ഥയും കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ നിര്‍ണായകമാണ്. പക്ഷെ കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ആഘാതം ഏല്‍പ്പിക്കുന്ന പ്രദേശമെന്ന രീതിയില്‍ വരള്‍ച്ചയും മറ്റും ഉത്തരാർധത്തില്‍ വ്യാപകമാകുകയാണ്. അതുകൊണ്ട് തന്നെ സസ്യങ്ങള്‍ വഴിയുള്ള കാര്‍ബണ്‍ സിങ്കിങിലും ഗണ്യമായ കുറവാണു വൈകാതെ കാത്തിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GLOBAL WARMING
SHOW MORE
FROM ONMANORAMA