പ്ലാസ്റ്റിക് മീഥൈന്‍ പുറന്തള്ളുന്നു; മുന്നറിയിപ്പുമായി ഗവേഷകർ

പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന പരിസ്ഥിതി മലിനീകരണത്തെക്കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടന്ന് വരികയാണ്. ഇതിനിടെയാണ് പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന മറ്റൊരു ദുരന്തം കൂടി ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.  മാരകമായ വിഷവസ്തുവും അതേസമയം തന്നെ ഹരിതഗൃഹ വാതകവുമായ മീഥൈന്‍ പ്ലാസ്റ്റിക് പുറന്തള്ളുന്നതായാണ് അമേരിക്കന്‍ ഗവേഷക സംഘം തിരിച്ചറിഞ്ഞത്. പ്ലാസ്റ്റിക് മാലിന്യം കടലില്‍ സൃഷ്ടിക്കുന്ന ആഘാതത്തെക്കുറിച്ച് പഠനം നടത്തുന്നതിനിടെ യാദൃശ്ചികമായാണ് പ്ലാസ്റ്റിക് മീഥൈന്‍ പുറന്തള്ളുന്നതായി തിരിച്ചറിഞ്ഞത്.

ഒരു വര്‍ഷത്തോളം നീണ്ട ഗവേഷണത്തിനൊടുവിലാണ് പ്ലാസ്റ്റികിന്റെ മീഥൈന്‍ ബഹിര്‍ഗമനം സംബന്ധിച്ച കണ്ടെത്തല്‍ ഗവേഷകര്‍ പുറത്ത് വിട്ടത്. കടലിലേക്കെത്തുന്ന പ്ലാസ്റ്റിക്കില്‍ നിന്നാണ് മീഥൈന്‍ പുറത്തു വരുന്നത്. പ്ലാസ്റ്റിക് മാലിന്യം കൂടുതലായി കാണപ്പെടുന്ന പ്രദേശത്ത് മീഥൈനിന്റെ സാന്നിധ്യം സാധാരണ ഗതിയിലും പലമടങ്ങ് കൂടുതലാണെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞു. അധികമായി കാണപ്പെടുന്ന മീഥൈന്‍ ജൈവീകമായി കടലില്‍ കാണപ്പെടുന്നതല്ല എന്നും സിന്തറ്റിക് മീഥൈന്‍ ആണെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. 

ഹരിതഗൃഹവാതകങ്ങളില്‍ ഏറ്റവുമധികം പുറന്തള്ളപ്പെടുന്നത് കാര്‍ബണാണെങ്കിലും ഏറ്റവുമധികം ആഘാതം സൃഷ്ടിക്കാനുള്ള ശേഷിയുള്ള വാതകം മീഥൈനാണ്. ഒരേ അളവിലുള്ള കാര്‍ബണ്‍ 100വര്‍ഷം കൊണ്ടു സൃഷ്ടിക്കുന്ന ആഗോളതാപന വർധനവ് മീഥൈന് നാലു വര്‍ഷം കൊണ്ടു സൃഷ്ടിക്കാനാകും. അതിനാല്‍ തന്നെ കടലിലെ മീഥൈനിലുള്ള ഈ വർധനവ് ആശങ്കയോടെ തന്നെ കാണേണ്ടതുണ്ട്. മീഥൈന്‍ മാത്രമല്ല ഇഥലീന്‍ പോലുള്ള അപകടകരമായ വാതകങ്ങളും പ്ലാസ്റ്റിക് സമുദ്രത്തിലെത്തുന്നതോടെ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്.

പ്ലാസ്റ്റികില്‍ നിന്ന് മീഥൈന്‍ പോലുള്ള വാതകങ്ങളുടെ ബഹിര്‍ഗമനം പ്രതീക്ഷിച്ചതല്ലെങ്കിലും ഈ പ്രതിഭാസത്തില്‍ അദ്ഭുതമില്ലെന്നും ഗവേഷകര്‍ പറയുന്നു. പ്രകൃതി വാതകങ്ങളും പെട്രോളിയം ഇന്ധനങ്ങളും ഉൽപാദിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്ലാസ്റ്റിക്കും നിര്‍മ്മിക്കപ്പെടുന്നത്. എന്നാല്‍ പ്ലാസ്റ്റികില്‍ നിന്ന് ഹാനികരമായ വാതകങ്ങള്‍ ഉൽപാദിപ്പിക്കപ്പെടുന്നതു സംബന്ധിച്ച് ആരും പഠനം നടത്താത്തതാകാം ഇതുവരെ ഇക്കാര്യം കണ്ടെത്താതെ പോയതിനു കാരണമെന്നും ഇവര്‍ വിശ്വസിക്കുന്നു.