നികന്നു പോയ ബാവലിപ്പുഴ; പ്രകൃതിദുരന്തത്തിന്റെ മുറിപ്പാട്!

കൊട്ടിയൂർ ചുങ്കക്കുന്നിനടുത്തു ബാവലിപ്പുഴയിൽ മണ്ണും കല്ലും മരങ്ങളും വന്നടിഞ്ഞ നിലയിൽ.

പ്രകൃതിദുരന്തത്തിൽ നികന്നുപോയ കേളകം ബാവലിപ്പുഴയെ എങ്ങനെ പൂർവസ്ഥിതിയിലാക്കുമെന്ന ആലോചനയിലാണു മലയോരം. ഉരുൾപൊട്ടലുകളിൽ വനത്തിൽനിന്നും മലകളിൽനിന്നും ഒഴുകിയെത്തി അടിഞ്ഞുകൂടിയ കല്ലും മണ്ണും മണലും മരങ്ങളും നിറഞ്ഞു കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിൽ പുഴയിലെ നീരൊഴുക്കു ചാലുകളായി ഒതുങ്ങുകയും പുഴ കരഭൂമി പോലെ മാറുകയും ചെയ്തിരുന്നു.

കൃഷിയിടങ്ങളിലേക്കു കയറിയൊഴുകിയ പുഴയുടെ വിസ്തൃതി വർധിച്ചു. ചിലയിടങ്ങളിൽ പുഴ വഴിമാറിയാണ് ഒഴുകുന്നത്. അക്കരെ കൊട്ടിയൂർ  ക്ഷേത്രത്തിന്റെ ഭൂമിയിൽ പുഴയും നീരൊഴുക്കും വഴിമാറിയതോടെ നേരത്തേ പുഴയുണ്ടായിരുന്ന ഭാഗം വരണ്ടുണങ്ങുന്ന സ്ഥിതിയിലേക്ക് നീങ്ങുകയാണ്. ഇരുകരകളും ഇടിഞ്ഞ് ഒഴുകിപ്പോയതിനാൽ ഒട്ടേറെപ്പേരുടെ കൃഷിയിടങ്ങൾ നശിച്ചു.

ബാക്കിയായ കൃഷിയിടങ്ങളും പുഴയോരവും സംരക്ഷിക്കാൻ പദ്ധതി ആവിഷ്കരിക്കേണ്ടതുണ്ട്. കൃഷിയിടങ്ങൾ നശിച്ചതിന്റെയും ഒഴുകിപ്പോയതിന്റെയും കണക്കുകൾ പൂർണമായി തിട്ടപ്പെടുത്താൻ ഇതുവരെ സാധിച്ചിട്ടില്ല. കൊട്ടിയൂർ പഞ്ചായത്തിൽ 10 കിലോമീറ്ററോളം പുഴയോരം പുനർനിർമിക്കുകയും പലയിടത്തും നീർച്ചാലുകൾ പഴയ മാർഗത്തിലേക്കു തിരിച്ചുവിടുകയും ചെയ്യേണ്ടതുണ്ട്. സമതലത്തിലുള്ള പുഴഭാഗത്ത് വന്നടിഞ്ഞ കല്ലും മണ്ണും മണലും മരങ്ങളും ഉടൻ നീക്കം ചെയ്തില്ലെങ്കിൽ കനത്ത മഴയിൽ ബാവലിപ്പുഴ മലയോര ഹൈവേയിലൂടെ ഒഴുകുന്ന സ്ഥിതി പോലുമുണ്ടാകും. പുഴയോരങ്ങളിൽ മരങ്ങളും മുളയും കൈതയും നട്ടുപിടിപ്പിക്കാനും സംരക്ഷണഭിത്തികൾ നിർമിക്കാനും നടപടി ആവശ്യമാണ്.

ജിയോളജി, റവന്യു വകുപ്പുകളുടെ അനുമതിയോടെ മണൽ വാരുന്നതിനു കടവുകൾ ലേലം ചെയ്യാൻ പഞ്ചായത്തുകൾ നിർബന്ധിതരാകുന്നുണ്ട്. എന്നാൽ, പരിസ്ഥിതി പ്രശ്നങ്ങൾ ഉന്നയിച്ച് പ്രതിഷേധവും ഉയർന്നു തുടങ്ങിയിട്ടുണ്ട്