വെച്ചൂർ പശുക്കൾ ആഗോള താപനം ചെറുക്കുമോ?

പാലുൽപാദനത്തിൽ കുറവു വരുത്താതെതന്നെ ചൂടിനെ ചെറുക്കാൻ വെച്ചൂർ പശുക്കൾക്കു കഴിയുമെന്നു രാജ്യാന്തര പഠനം. വെച്ചൂർ പശുവിന്റെ ജനിതക സവിശേഷതയാണു ചൂടിനെ മറികടക്കാൻ അവയെ സഹായിക്കുന്നത്. കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിലെ അസി. പ്രഫസർ ഡോ. ഇ.എം.മുഹമ്മദ് ഉൾപ്പെട്ട ഗവേഷകസംഘമാണു പഠനങ്ങളിലൂടെ ഇക്കാര്യം തെളിയിച്ചത്.

ഉൽപാദനക്ഷമത കൂടുതലാണെങ്കിലും വലിപ്പം കൂടിയ കന്നുകാലിയിനങ്ങൾക്കു കാലാവസ്ഥാ വ്യതിയാനം അതിജീവിക്കാനുള്ള കഴിവു കുറവാണെന്നു സംഘം കണ്ടെത്തി. പാലുൽപാദനവും പ്രതിരോധശേഷിയും കുറച്ചാണ് അത്തരം പശുക്കൾ ചൂടിനെ അതിജീവിക്കുന്നത്. എന്നാൽ, ജീനുകളുടെ പ്രത്യേകതമൂലം വെച്ചൂർ പശുവിന് പാലുൽപാദനം കുറയ്ക്കാതെതന്നെ ചൂടിനെ ചെറുക്കാനാവുമെന്നാണു ഗവേഷണഫലം.

ലോകത്തിലെ ഏറ്റവും ചെറിയ പശുവായി ഗിന്നസ് ബുക്കിൽ ഇടംനേടിയ ‘മാണിക്യം’ എന്ന വെച്ചൂർ പശുവിന്റെ ജനിതകഘടന സംഘം പഠനവിധേയമാക്കി. ഇക്കോളജി ആൻഡ് ഇവല്യൂഷൻ എന്ന രാജ്യാന്തര ജേണലിൽ ഗവേഷണം പ്രസിദ്ധീകരിച്ചു. ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലായാണു പഠനം നടന്നത്.

ജന്തുക്കളുടെ ശരീരവലിപ്പം കൂടുന്നത് അവയുടെ പ്രതിരോധശേഷി കുറയ്ക്കുമെന്നു നേരത്തേ കണ്ടെത്തിയിട്ടുണ്ട്. ബോസ് പ്രൈമിജീനിയസ് എന്ന ആദിമപശുക്കൾക്കു വംശനാശം സംഭവിക്കാൻ കാരണമതാണ്. പുതിയ ഗവേഷണത്തിന്റെ ഫലമായി വലിപ്പംകുറഞ്ഞ പശുക്കളെ കൂടുതലായി ഇറക്കുമതി ചെയ്യാൻ ഓസ്ട്രേലിയ ശ്രമം തുടങ്ങിയിട്ടുണ്ട്.