നമ്മെ തണുപ്പിക്കുന്ന എസി ശരിക്കും അത്ര കൂളല്ല കേട്ടോ !

ചൂടു വർധിക്കുമ്പോള്‍ വീട്ടില്‍ എസി ഇല്ലാതെ ജീവിക്കുന്നതിനെപ്പറ്റി ചിന്തിക്കാനാവില്ലെന്നു പറയുന്നവരാണ് ഇപ്പോള്‍ അധികവും. കൊടും ചൂടില്‍നിന്നു രക്ഷപ്പെട്ട് എസിയുടെ തണുപ്പിലിരിക്കുമ്പോള്‍ കിട്ടുന്ന സുഖം വേറെ തന്നെയാണ്. എന്നാല്‍ ഇങ്ങനെ കെട്ടിടങ്ങളുടെ ഉള്‍വശവും അതുവഴി നമ്മളെയും തണുപ്പിക്കുന്ന എസികള്‍ ആഗോളതാപനത്തില്‍ ചെറുതല്ലാത്ത പങ്കാണു വഹിക്കുന്നത്. പ്രത്യേകിച്ചും നഗരങ്ങളിലും മറ്റും ഹീറ്റ് ഐലൻഡ് എന്ന പ്രതിഭാസം രൂപപ്പെടുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് എയര്‍ കണ്ടീഷനുകളാണ്. 

എസിയുടെ ഉപയോഗം നാള്‍ക്കുനാള്‍ വർധിച്ചു വരുന്നതിനൊപ്പം ഇവ ആഗോളതാപനത്തിനു നല്‍കുന്ന സംഭാവനയും വർധിച്ചു വരികയാണ്. 2100  ആകുമ്പോഴേക്കും എസികള്‍ പുറന്തള്ളുന്ന ചൂടു കൊണ്ടു മാത്രം ഭൂമിയിലെ താപനിലയില്‍ 0.5 ഡിഗ്രി സെല്‍ഷ്യസിന്റെ വർധനവുണ്ടാകുമെന്നു ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ലോകത്താകമാനം 120 കോടി എസി യൂണിറ്റുകള്‍ ഉപയോഗത്തിലുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ വിഭാഗത്തിന്റെ കണക്ക്. 2050 ആകുമ്പോഴേക്കും ഇത് 400 കോടി കവിയുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു. 

നിലവില്‍ ഏറ്റവുമധികം ആളുകള്‍ എസി വാങ്ങിക്കൂട്ടുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. 26 കോടി എസി യൂണിറ്റുകളാണ് നിലവില്‍ ഇന്ത്യയിലുള്ളത്. 2050 ആകുമ്പോഴേക്കും 100 കോടി എസി യൂണിറ്റുകള്‍ ഇന്ത്യയില്‍ മാത്രം ഉണ്ടാകുമെന്നാണു കരുതുന്നത്. അതായത്, 2050 ല്‍ ലോകത്താകമാനമുള്ള എസി യൂണിറ്റുകളുടെ നാലിലൊന്നും ഇന്ത്യയിലായിരിക്കുമെന്നു ചുരുക്കം. എസിയുടെ ഉപയോഗത്തിലുണ്ടാകുന്ന വർധന മറ്റൊന്നിലും പ്രതിഫലിക്കും- വൈദ്യുതിയുടെ ഉപയോഗത്തിൽ.

നിലവില്‍ ഇന്ത്യക്കാര്‍ ഒരു മണിക്കൂറില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് ഏകദേശം 100 കിലോവാട്ട് വരും. എന്നാല്‍ 2050 ആകുമ്പോഴേക്കും ഇത് 1140 കിലോവാട്ട് ആകുമെന്നാണു കണക്കു കൂട്ടുന്നത്. വൈദ്യുതി ഉപയോഗത്തിലെ വർധന ക്രമേണ ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം വർധിക്കുന്നതിനും ആഗോളതാപനില ഉയരുന്നതിനും കാരണമാകും. 

എസിക്കു പകരക്കാരനാകാന്‍ പ്ലാസ്റ്റിക് ഫിലിം

എസി ഉപയോഗം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ കണക്കിലെടുത്തുകൊണ്ട് ഇതിനൊരു ബദല്‍ കണ്ടെത്താനായി ഏറെ നാളായി ഗവേഷകര്‍ ശ്രമിക്കുന്നുണ്ട്. ഇതിനു പ്രതീക്ഷ നല്‍കുന്ന ഒരു കണ്ടെത്തല്‍ അമേരിക്കയിലെ എംഐടി എൻജിനീയര്‍മാരുടേതാണ്. ഒരു പ്ലാസ്റ്റിക് ഫിലിമാണ് ഇവര്‍ എസിക്ക് പകരമായി മുന്നോട്ടു വയ്ക്കുന്നത്. ഈ ഫിലിമിലൂടെ പ്രകാശം കടന്നു പോകുമ്പോള്‍ അതിന്റെ താപം കുറയും. സൂര്യപ്രകാശത്തിന്റെ ചൂട് എഴുപത് ശതമാനം വരെ കുറയ്ക്കാന്‍ ഈ പ്ലാസ്റ്റിക് ഫിലിമുകള്‍ക്കു കഴിയുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

ഫിലിമിലുള്ള വെള്ളം അടങ്ങിയ മൈക്രോപ്ലാസ്റ്റിക്കുകളാണ് സൂര്യപ്രകാശത്തിലെ ചൂട് പ്രതിഫലനത്തിലൂടെ കെട്ടിടത്തിന് അകത്തേക്കു കടക്കുന്നതു തടയുന്നത്. അതേസമയം, ലഭിക്കുന്ന പ്രകാശത്തിന്റെ അളവില്‍ കുറവുണ്ടാവുകയുമില്ല. പുറത്ത് ഗ്ലാസുകള്‍ പതിക്കുന്ന വന്‍ കെട്ടിടങ്ങളിലെ എസി ഉപയോഗം പൂര്‍ണമായും ഒഴിവാക്കാന്‍ ഈ പ്ലാസ്റ്റിക് ഫിലിമിലൂടെ സാധിക്കുമെന്നു ഗവേഷകര്‍ പറയുന്നു. ഗ്ലാസിനൊപ്പം ഈ ഫിലിമും കൂടി ഘടിപ്പിച്ചാല്‍ മതിയാകും. വില കുറവാണ് എന്നതിനൊപ്പംതന്നെ, കെട്ടിടത്തിലെ ഇന്ധനച്ചെലവ് 10 ശതമാനം വരെ കുറയ്ക്കാനും ഈ ഫിലിമുകള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.