Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭ്യാസപ്രകടനത്തിനിടയിൽ പരിക്കേറ്റു; ഇപ്പോൾ വീൽചെയറിലായ പരിശീലകനു കൂട്ട് കരടി

Bear Pushes Injured Trainer

സ്നേഹം മാത്രം നല്‍കി ഒരു മൃഗത്തെ വളര്‍ത്തിയാല്‍ അത് തിരികെ നല്‍കുന്നത് ഇരട്ടി സ്നേഹമായിരിക്കും. റഷ്യയിലെ ഒലെഗ് അലക്സാഡ്രോവ് എന്ന സര്‍ക്കസ് പരിശീലകന്റെ അനുഭവം ഇതിനുദാഹരണമാണ്. കുഞ്ഞുങ്ങളായിരിക്കുമ്പോൾ മുതല്‍ ഒലെഗ് വളര്‍ത്തിയ മൂന്ന് കരടികളാണ് ഇപ്പോള്‍ നടക്കാന്‍ വയ്യാതിരിക്കുന്ന ഒലേഗിനെ വീല്‍ചെയറില്‍ സവാരിക്കു കൊണ്ടുപോകുന്നത്. മനുഷ്യരെപ്പോലെ ഒലെഗിനെയും ഇരുത്തി വീല്‍ചയര്‍ തള്ളിക്കൊണ്ട് പോകുന്ന കരടികളെ കണ്ട് അദ്ഭുതപ്പെടുകയാണ് പ്രദേശവാസികൾ.

നൈഷേഗൊരോട്സ്കി സര്‍ക്കസിലാണ് ഒലോഗും മൂന്നു കരടികളും വർഷങ്ങളായി ജോലി ചെയ്യുന്നത്. സര്‍ക്കസിലെ അഭ്യാസപ്രകടനത്തിനിടയിലാണ് അറുപതടിയോളം ഉയരത്തില്‍ നിന്നു വീണ് ഒലെഗിന്റെ കാലൊടിഞ്ഞത്. തുടര്‍ന്ന് നാലു മാസത്തോളം ഒലെഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയിലായിരിക്കെ ഒലെഗിന്റെ പ്രധാന ആശങ്ക തിരികെയെത്തുമ്പോള്‍ കരടികള്‍ തന്നെ തിരിച്ചറിയുമോയെന്നതായിരുന്നു. നാലു മാസത്തെ ഇടവേളയ്ക്കു ശേഷം തിരികെയെത്തുമ്പോൾ കരടികള്‍ക്ക് തന്നോടുള്ള സ്നേഹവു അടുപ്പവും ഇല്ലാതാക്കുമോയെന്നും ഒലെഗ് ഭയന്നിരുന്നു.

എന്നാല്‍ ചികിത്സ കഴിഞ്ഞെത്തിയ ഒലെഗിനെ സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടിക്കുകയാണ് കരടികള്‍ ചെയ്തത്. ആശുപത്രിയില്‍ നിന്നു മടങ്ങിയെത്തിയ ഉടന്‍ ഒലെഗ് വീല്‍ചയറിലിരുന്ന് ആദ്യം പോയത് കരടികളുടെ അടുത്തേക്കായിരുന്നു‍. അവ തന്നെ തിരിച്ചറിഞ്ഞ് ഓടിയെത്തിയപ്പോഴാണ് ഒലെഗിന് സമാധാനമായത്. എന്നാല്‍ കൂടുതല്‍ അത്ഭുതങ്ങള്‍ ഒലെഗിനെ കാത്തിരിക്കുന്നതേയുണ്ടായിരുന്നുള്ളു. ഇപ്പോള്‍ ഒലെഗിനെ പുറത്തു വീല്‍ചെയറില്‍ ഇരുത്തി കോണ്ടുപോകുന്നത് ഈ കരടികളാണ്. പ്രത്യേകിച്ചും ഒലെഗിനോട് ഏറ്റവും അടുപ്പമുള്ള യാഷ എന്ന പെണ്‍കരടി.

യാഷ ഒലെഗിനെ വീല്‍ചെയറിലിരുത്തി തെരുവിലൂടെ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. മഞ്ഞു നിറഞ്ഞു കിടക്കുന്ന തെരുവിലൂടെ മറ്റൊരു പരിശീലകനേയും കൂട്ടിയാണ് യാഷ ഒലെഗിനൊപ്പം സവാരിക്കു പോകുന്നത്. കഴുത്തില്‍ ബെല്‍റ്റുണ്ടെങ്കിലും അത് ആരെങ്കിലും പിടിക്കുകയോ വീല്‍ ചെയറില്‍ ബന്ധിക്കുകയോ ചെയ്യാതെയാണ് ഇവരുടെ യാത്ര. ഏതായാലും തുടക്കത്തില്‍ പറഞ്ഞതു പോലെ മനസ്സു തുറന്ന് സ്നേഹിച്ചാല്‍ ഏതൊരു മൃഗത്തിന്റേയും സ്നേഹം തിരിച്ചു നേടാമെന്നാണ് ഒലെഗിന്റെയും യാഷയുടെയും ഒന്നിച്ചുള്ള സവാരിയുടെ ദൃശ്യങ്ങള്‍ തെളിയിച്ചു തരുന്നത്.