തിമിംഗലത്തെ തലോടിയ വിനോദസഞ്ചാരിക്കു സംഭവിച്ചത്?

ലോകത്തിലെ ഏറ്റവും വലിയ ജീവികളാണ് തിമിംഗലങ്ങള്‍. അതുകൊണ്ടു തന്നെ അവയെ അടുത്തു കാണാന്‍ അവസരം കിട്ടിയാല്‍ ആരും മതിമറന്നാഘോഷിക്കും. അപ്പോള്‍ ഒന്നു തൊട്ടുനോക്കാന്‍ കൂടി സാഹചര്യം ലഭിച്ചാല്‍ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ഇങ്ങനെ സന്തോഷത്തില്‍ മതി മറന്നു നില്‍ക്കുന്നതിനിടെയാണ് ബോട്ടിലെ സഞ്ചാരികളെ വെള്ളം ചീറ്റി കുളിപ്പിച്ച് തിമിംഗലം മടങ്ങിയത്.

മെക്സിക്കോ ഉള്‍ക്കടലില്‍ തിമിംഗലത്ത കാണുന്നതിനായെത്തിയ സഞ്ചാരികള്‍ക്കാണ് തിമിംഗലം മറക്കാനാകാത്ത അനുഭവം നല്‍കിയത്. ഗ്രേ വെയ്ല്‍ ഇനത്തില്‍ പെട്ട അമ്മത്തിമിംഗലവും കുഞ്ഞുമാണ് സഞ്ചാരികളുടെ ബോട്ടിനരികിലേക്കെത്തിയത്. കുട്ടി തിമിംഗലത്തെ കണ്ട് സഞ്ചാരികള്‍ ആസ്വദിച്ചു നില്‍ക്കുന്നതിനിടെയിലാണ് വെള്ളത്തില്‍ നിന്ന് അമ്മ തിമിംഗലം  കൂടി ഉയര്‍ന്നുവന്നത്. ബോട്ടിന്റെ തൊട്ടരികിലൂടെ നീങ്ങിയ തിമിംഗലത്തെ കണ്ട് സഞ്ചാരികള്‍ക്കും ആവേശം കൂടി.

ഇതിനിടെയിലാണ് സഞ്ചാരികളുടെ കൂട്ടത്തിലെ ഒരു സ്ത്രീ തിമിംഗലത്തെ തൊടാന്‍ ധൈര്യം കാട്ടിയത്. ബോട്ടില്‍ നിന്ന് വെള്ളത്തിലേക്കു കുനിഞ്ഞു കിടന്ന് തിമിംഗലത്തിന്റെ മുതുകില്‍ ഇവര്‍ തലോടി. ഇതോടെ കൂടെയുള്ളവരെല്ലാം ഇത് ക്യാമറയില്‍ പകര്‍ത്താനുള്ള ആവേശത്തിലായി. തന്നെ തൊട്ടത് ഇഷ്ടപെടാഞ്ഞിട്ടാണോയെന്നറിയില്ല അമ്മ തിമിംഗലം വീണ്ടും വെള്ളത്തിലേക്കു തന്നെ ഊളിയിട്ടു. തൊട്ടു പിന്നാലെയാണ് ബോട്ടിലുള്ളവരെ ഞെട്ടിച്ച് അമ്മ തിമിംഗലം വെള്ളം ചീറ്റി സഞ്ചാരിയെ കുളിപ്പിച്ചത്.

 ഇതോടെ തിമിംഗലത്തെ തലോടിക്കൊണ്ടിരുന്ന സ്ത്രീയുടെ ശരീരത്തില്‍ മുഴുവന്‍ വെള്ളമായി. തിമിംഗലത്തിന്റെ ഷവർബാത്തിൽ ഒരു നിമിഷം ഞെട്ടി നില്‍ക്കുന്ന സ്ത്രീയെ കണ്ടാല്‍ ആര്‍ക്കും ചിരി വരും. ഏതായാലും ഇതിനു ശേഷം അമ്മ തിമിംഗലവും കുഞ്ഞും അധിക നേരം ബോട്ടിന്റെ സമീപം ചിലവഴിച്ചില്ല. ഇരുവരും പെട്ടെന്നുതന്നെ വെള്ളത്തിനടിയലേക്കു മടങ്ങി.