വെള്ളത്തിനടിയിലും ശ്വസിക്കുന്ന പല്ലി; അപ്രതീക്ഷിതം ഈ കണ്ടെത്തല്‍

കോസ്റ്റാറിക്കയിലെ നദീതീരത്തു കടലിനടിയില്‍ ഡൈവിങ്ങിനു പോകുന്ന നീന്തല്‍ വിദഗ്ധരെ അനുകരിക്കുന്ന പല്ലിയെ ഗവേഷകര്‍ കണ്ടെത്തി. നീന്തല്‍ വിദഗ്ധര്‍ ശരീരത്തിനു പുറത്താണ് ഓക്സിജന്‍സ് സിലിണ്ടര്‍ ഘടിപ്പിക്കുന്നതെങ്കില്‍, ഈ പല്ലിയുടെ ശരീരത്തിനകത്തു തന്നെയാണ് ഓക്സിജന്‍ സിലിണ്ടറുള്ളത്. പ്രകൃതി നല്‍കിയ ഈ ഓക്സിജന്‍ അറ വഴി 20 മിനിട്ട് വരെ പല്ലികള്‍ക്കു വെള്ളത്തിനടിയില്‍ ശ്വസിക്കാന്‍ കഴിയും.

അപ്രതീക്ഷിതമായ കണ്ടെത്തല്‍

സ്മിത്ത്സോണിയന്‍ ചാനലിനു വേണ്ടി ലോസ് ഓഫ് ദി ലിസാര്‍ഡ് എന്ന പരിപാടി ചിത്രീകരിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് ഈ കണ്ടെത്തല്‍ സംഭവിച്ചത്. ജൈവ ശാസ്ത്രജ്ഞര്‍ കൂടിയായ നീല്‍ ലോസിന്‍, നാറ്റേ ഡാപ്പിന്‍ എന്നിവര്‍ ചേര്‍ന്നാണ് പല്ലികളുടെ ജീവിതം ചിത്രീകരിക്കാനെത്തിയത്. ഇതിനിടെയാണ് റിവര്‍ അനോള്‍സ് എന്ന ചെറു പല്ലിയുടെ വിചിത്രമായ സ്വഭാവം ഇവരുടെ ശ്രദ്ധയില്‍ പെട്ടത്. മരത്തിലാണ് താമസമെങ്കിലും പലപ്പോഴും ഇവ വെള്ളത്തിനടിയിലേക്കു പോകുന്നത് ഇവര്‍ ശ്രദ്ധിച്ചു. ഏതാണ്ട് 15 മിനിട്ട് വരെ ഈ പല്ലികള്‍ വെള്ളത്തിനിടിയില്‍ കഴിയുന്നതായും കണ്ടെത്തി.

ഇത്രയും നേരം ശ്വാസം പിടിച്ചു വയ്ക്കാന്‍ പല്ലികള്‍ക്കു കഴിയുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ വൈകാതെ പല്ലികളുടെ വെള്ളത്തിനടിയിലുള്ള പ്രവര്‍ത്തികള്‍ കൂടി നിരീക്ഷിക്കാന്‍ ഈ സംഘം തീരുമാനിച്ചു. അങ്ങനെ വെള്ളത്തിനിടിയില്‍ ക്യാമറ ഘടിപ്പിച്ചു പല്ലിയെ നിരീക്ഷിച്ചപ്പോഴാണ് അദ്ഭുതപ്പെടുത്തിയ ദൃശ്യങ്ങള്‍ പതിഞ്ഞത്. വെള്ളത്തിനടിയില്‍ വച്ചും പല്ലി ശ്വസിക്കുന്നുണ്ടെന്നും, അത് ശരീരത്തിലെ അറയില്‍ തന്നെ ശേഖരിച്ച ഓക്സിജനിലൂടെയാണെന്നും ഇവര്‍ വൈകാതെ തിരിച്ചറിഞ്ഞു. ചരിത്രത്തിലാദ്യമായാണ് ഇത്തരം കഴിവുള്ള ഒരു വെര്‍റ്റബ്രേറ്റ് അഥവാ നട്ടെല്ലുള്ള ഇനത്തില്‍ പെട്ട ജീവിയെ ഗവേഷകര്‍ കണ്ടെത്തുന്നത്. നേരത്തെ പ്രാണികളുടെ ഗണത്തില്‍പെടുത്താവുന്ന ഡൈവിങ് സ്പെല്‍ സ്പൈഡര്‍ എന്ന ചിലന്തിയില്‍ മാത്രമാണ് ഓക്സിജന്‍ സംഭരിച്ചു വയ്ക്കുന്ന പ്രവര്‍ത്തി ഗവേഷകര്‍ കണ്ടെത്തിയത്.

വെള്ളത്തിനടിയിലെത്തുന്ന പല്ലിയെ അടുത്തു നിരീക്ഷിച്ചപ്പോഴാണ് അവയുടെ തലയില്‍ വായു കുമിള പോലെ ഒന്ന് ചെറുതാകുന്നതും വലുതാകുന്നതും ശ്രദ്ധയില്‍ പെട്ടത്. വൈകാതെ ശരീരത്തിന്‍റെ പലയിടങ്ങളിലും ഇതനുസരിച്ചുള്ള ചലനങ്ങള്‍ ക്യമറയില്‍ തിരിച്ചറിഞ്ഞു. ഇതോടെയാണ് പല്ലി വെള്ളത്തിനടിയില്‍ ശ്വസിക്കുകയാണെന്നും, അത് ശരീരത്തില്‍ ശേഖരിച്ച ഓക്സിജനാണെന്നുമുള്ള നിഗമനത്തില്‍ നീലും, നാറ്റേയും എത്തിയത്. ടൊറന്‍റോ സർവകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ ഇപ്പോള്‍ റിവര്‍ അനോള്‍സ് എന്ന ഈ പല്ലിയുടെ ഓക്സിജന്‍ ശേഖരിക്കാനുള്ള കഴിവിനെക്കുറിച്ചു വിശദമായ പഠനം നടത്തി വരികയാണ്. ഏത് അവയവമാണ് ഇത്തരത്തില്‍ ഓക്സിജന്‍ ശേഖരിച്ചു വയ്ക്കാന്‍ പല്ലിയെ സഹായിക്കുന്നത് എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇതിനു ശേഷം മാത്രമെ വ്യക്തമാകൂ.