10 വർഷം വരെ ഭക്ഷണമില്ലാതെ ജീവിക്കും, ആയുസ്സ് 100 വർഷം ; സ്ലൊവേനിയയിലെ നിഗൂഢ ജീവികൾ

യൂറോപ്പിലെ ഏറ്റവും വലിയ ഗുഹാ സമൂഹമാണ് സ്ലൊവേനിയയിലെ പോസ്റ്റോജ്ന ഗുഹകള്‍. പതിനായിരക്കണക്കിനു വിനോദസഞ്ചാരികളെത്തുന്ന ഈ പ്രദേശത്ത് ഇവരില്‍ നിന്നെല്ലാം മറച്ചുവച്ചു പരിപാലിക്കുന്ന രണ്ടു നിഗൂഢ തുരങ്കങ്ങളുണ്ട്. വെള്ളം നിറഞ്ഞു കിടക്കുന്ന ഈ തുരങ്കങ്ങള്‍ ഒരു പറ്റം അത്ഭുത ജീവികളുടെ വാസസ്ഥലമാണ്. കുട്ടിഡ്രാഗണുകള്‍ എന്നറിയപ്പെടുന്ന ഓം( Olm) ആണ് ഈ ജീവി വര്‍ഗ്ഗം. രൂപത്തില്‍ ഡ്രാഗണുകളെ ഓര്‍മ്മിപ്പിക്കുന്ന ഈ ജീവികള്‍ വലിപ്പം കൊണ്ടും ഡ്രാഗണുകളാണ്. കാരണം സൂര്യവെളിച്ചം കാണാതെ തുരങ്കങ്ങളിൽ ജീവിതകാലം മുഴുവന്‍ കഴിച്ചു കൂട്ടുന്ന ജീവികളില്‍ ഏറ്റവും വലിപ്പമേറിയ ജീവികളാണിവ.

അന്യം നിന്നു പോയേക്കുമായിരുന്ന ഈ ജീവികളെ മൂന്നു വര്‍ഷം മുന്‍പാണ് സംരക്ഷിക്കാനുള്ള നടപടികള്‍ ആരഭിച്ചത്. അന്ന് വെറും ഏഴ് ഓമുകളെ മാത്രമായിരുന്നു ഗവേഷകർ സംരക്ഷണത്തിനായി  ഏറ്റെടുത്തത്. ഇന്ന് ഇവയുടെ എണ്ണം 21 ആയി വർധിച്ചിട്ടുണ്ട്. ഇവയുടെ ആരോഗ്യനിലയും തൃപ്തികരമാണ്. അതിനാല്‍ തന്നെ വരും വര്‍ഷങ്ങളിലും ഇവയുടെ എണ്ണം വർധിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഓല്‍മിന് ഒരടി വരെ നീളമുണ്ടാകും.

ഒരു നൂറ്റാണ്ടു കാലം വരെ ജീവിക്കാൻ കഴിവുള്ള ഒമുകൾ പ്രജനനം നടത്തുന്നത് ആറോ ഏഴോ വര്‍ഷം കൂടുമ്പോഴാണ്. കാഴ്ചയില്ലാത്ത ഇവ ഭൂഗുരുത്വാകര്‍ഷണം ഉപയോഗിച്ചാണ് സഞ്ചരിക്കാനുള്ള വഴിയും ഭക്ഷണവും കണ്ടെത്തുന്നത്. അതേസമയം 10 വര്‍ഷം വരെ ഇവയ്ക്ക് ഭക്ഷണമില്ലാതെ ജീവിക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്.

ശാസ്ത്രലോകം ഇവയെ കണ്ടെത്തിയിട്ട് ഏതാനും വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളുവെങ്കിലും സ്ലൊവേനിയയിലെ ജനങ്ങള്‍ക്ക് ഇവയെ നൂറ്റാണ്ടുകളുടെ പരിചയമുണ്ട്. മഴക്കാലത്ത് വെള്ളം കയറുമ്പോള്‍ ഒലിച്ചെത്തുന്ന ഇവയെ പേടിയോടെയും ദുശ്ശകുനമായുമാണ് പ്രദേശവാസികള്‍ കണ്ടിരുന്നത്. ഇവയ്ക്ക് ഡ്രാഗണുകളുമായി സാമ്യമുണ്ടെന്നു കണ്ടെത്തി ബേബി ഡ്രാഗണ്‍ എന്ന പേരു നല്‍കിയതും പ്രദേശവാസികളാണ്. ഇവയേക്കുറിച്ചുള്ള ഭയം മാറിയതോടെ ഇപ്പോള്‍ ഈ മേഖലയിലെ ചായക്കപ്പുകള്‍ക്കു പുറത്തും ഫ്രിഡ്ജിനു പുറത്തൊട്ടിക്കുന്ന കാന്തങ്ങളുടെ രൂപത്തിലുമെല്ലാം ഇവയുടെ രൂപങ്ങൾ ലഭ്യമാണ്.