Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിശൈത്യത്തില്‍ തണുത്തുവിറച്ച് അമേരിക്ക; മരങ്ങളിൽ നിന്നു പൊഴിയുന്നത് ഓന്തുകളും ഇഗ്വാനകളും

iguana Image Credit: twitter/Maxine Bentzel

ചരിത്രം കണ്ടതിൽ വച്ചേറ്റവും കഠിനമായ ശൈത്യമാണ് അമേരിക്കയുടെ കിഴക്കന്‍ തീരങ്ങള്‍ ഇപ്പോൾ നേരിടുന്നത്. വടക്കന്‍ പ്രദേശങ്ങളായ ന്യുയോര്‍ക്കും ബോസ്റ്റണും മാത്രമല്ല , ഭൂമധ്യരേഖയോട് അധികം അകലെയല്ലാതെ കിടക്കുന്ന ഫ്ലോറിഡ പോലും ശൈത്യത്തില്‍ വിറച്ചു നില്‍ക്കുകയാണ്. അതി കഠിനമായ ശൈത്യം താങ്ങാന്‍ കഴിയാതെ ഇവിടെ ഉഷ്ണമേഖലാ ജീവികളായ ഓന്തുകളും ഇഗ്വാനകളുമെല്ലാം മരവിച്ചു ചത്തു വീഴുകയാണ്.

എന്തു കൊണ്ടാണ് സമാന വര്‍ഗ്ഗങ്ങളായ ഓന്തുകളേയും ഇഗ്വാനകളേയും മാത്രം ശൈത്യം ഇത്രയും ക്രൂരമായ രീതിയില്‍ ബാധിക്കുന്നതെന്ന ചോദ്യത്തിന് ഇതു വരെ ഉത്തരം ലഭിച്ചിട്ടില്ല. ഒരു പക്ഷെ പെട്ടെന്നുണ്ടായ താപിലയിലെ ഇടിവിനോടു പ്രതികരിക്കാന്‍ ഇവയുടെ ശരീരം പാകമല്ലാത്തതാകാം കാരണമെന്നാണു കരുതുന്നത്. തണുപ്പ് താങ്ങാനാവാതെ ഓന്തുകളും ഇഗ്വാനകളും മരങ്ങളില്‍ നിന്നു വീണ് ചത്തു കിടക്കുന്ന കാഴ്ച ഫ്ലോറിഡയില്‍ ഇപ്പോള്‍ സാധാരണമാണ്.

പല്ലിവര്‍ഗ്ഗത്തില്‍ പെട്ട ഓന്തുകളും ഇഗ്വാനകളും തണുത്ത രക്തമുള്ള ജീവികളാണ്. അതിനാല്‍ തന്നെ ഇവ താപനില പത്തു ഡിഗ്രി സെല്‍ഷ്യസിൽ താഴെയെത്തിയാല്‍ പിന്നീടു ശരീരം അനക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ മരവിച്ചു പോകും. ഇപ്പോള്‍ ഫ്ലോറി‍ഡയിലെ കുറഞ്ഞ താപനില നാല് ഡിഗ്രി ആണെന്നിരിക്കെ ഇവ ചത്തു വീഴുന്നതില്‍ അത്ഭുതമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

അതേസമയം പല്ലി വര്‍ഗ്ഗത്തില്‍ പെടാത്ത മറ്റു തണുത്ത രക്തമുള്ള ജീവികള്‍ക്ക് താപനിലയിലുണ്ടായ ഇടിവ് പ്രശ്നമാകില്ലെന്നാണു കരുതുന്നത്. ഇവയ്ക്ക് ശരീരത്തിലെ താപനില നിയന്ത്രിക്കാനുള്ള കഴിവുണ്ട്. എന്നാല്‍ പല്ലിവര്‍ഗ്ഗത്തില്‍ പെട്ട ജീവികള്‍ക്ക് ഈ കഴിവ് തീരെ കുറവാണ്. ഇതാണ് ഇവയുടെ ഇപ്പോഴത്തെ കൂട്ടമരണത്തിന് കാരണമാകുന്നതും.