ഒരു ലക്ഷം തികച്ച് മാരുതി ബലേനോ

പുറത്തിറങ്ങി ഒരു വർഷം പൂർത്തിയാക്കുന്നതിന് മുൻപേ ഒരു ലക്ഷം യൂണിറ്റുകളുടെ വിൽപ്പനയുമായി മുന്നേറുകയാണ് മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോ. കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറങ്ങിയ വാഹനത്തിന്റെ 2016 സെപ്റ്റംബർ വരെയുള്ള വിൽപ്പനയാണ് ഒരു ലക്ഷം യൂണിറ്റുകളെന്ന് മാരുതി പത്രക്കുറിപ്പിലൂടെ പറയുന്നു. അടുത്തിടെ പുറത്തിറക്കിയതിൽ ഏറ്റവും അധികം വിൽപ്പന വിജയം നേടിയ കാറുകളിലൊന്നാണ് ബലേനോ.

ഒരു ലക്ഷം യൂണിറ്റുകളെ കൂടാതെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ നിർമിക്കുന്ന ബലേനോയുടെ 33,800 യൂണിറ്റുകൾ കയറ്റുമതി ചെയ്തിട്ടുണ്ട് ഇന്ത്യയിൽ നിർമിച്ച് ജപ്പാനിൽ വിൽക്കുന്ന ആദ്യകാർ എന്ന ബഹുമതി സ്വന്തമാക്കിയ വാഹനമാണ് ബലേനോ. ഇന്ത്യൻ വിപണിയിലെ പ്രീമിയം കോംപാക്ട് ഹാച്ച്ബാക്ക് വിപണിയിൽ ഹ്യുണ്ടായ് ‘ഐ 20’, ഹോണ്ട ‘ജാസ്’, ഫോക്സ്​വാഗൻ ‘പോളോ’ എന്നിവയോട് ഏറ്റുമുട്ടുന്ന ബലേനോയ്ക്ക് പെട്രോൾ, ഡീസൽ എൻജിനുകളാണുള്ളത്.

മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി വിൽക്കുന്ന കാറിന് പെട്രോൾ, ഡീസൽ വകഭേദങ്ങളുണ്ട്. 1.2 ലീറ്റർ പെട്രോൾ എൻജിന് പരമാവധി 83 ബി എച്ച് പി കരുത്തും 115 എൻ എം ടോർക്കുമുണ്ട്. 1.3 ലീറ്റർ ഡീസൽ എൻജിനാവട്ടെ പരമാവധി 74 ബി എച്ച് പി കരുത്തും 190 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. പെട്രോൾ എൻജിനൊപ്പം അഞ്ചു സ്പീഡ് മാനുവൽ, സി വി ടി ഗീയർബോക്സുകളാണുള്ളത്. ഡീസൽ എൻജിനു കൂട്ട് മാനുവൽ ഗീയർബോക്സ് മാത്രം. ഡീസൽ എൻജിനു ലീറ്ററിന് 27.39 കിലോമീറ്ററും പെട്രോൾ എൻജിന്‍ ലീറ്ററിന് 21.4 കിലോമീറ്ററുമാണ് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. എൽ ഇ ഡി സഹിതമുള്ള റിയർ കോംബിനേഷൻ ലാംപ്, ബോഡി കളേഡ് ഡോർ ഹാൻഡിൽ, ഔട്ടർ റിയർവ്യൂ മിറർ, ബംപർ, ഇ ബി ഡിയും എ ബി എസും, ഇരട്ട എയർബാഗ്, മുൻ സീറ്റ് ബെൽറ്റ് പ്രീ ടെൻഷനറും ഫോഴ്സ് ലിമിറ്ററും ആന്റി തെഫ്റ്റ് സെക്യൂരിറ്റി സിസ്റ്റം എന്നിവയൊക്കെ ‘ബലേനൊ’യുടെ വിവിധ വകഭേദങ്ങളിൽ ലഭ്യമാണ്.