‘നെക്സ’യിൽ സെഞ്ചുറി തികച്ചു മാരുതി സുസുക്കി

Nexa

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അവതരിപ്പിച്ച പ്രീമിയം ഷോറൂം ശൃംഖലയായ ‘നെക്സ’ 100 തികഞ്ഞു. മുംബൈയിലെ ദക്ഷിണ താനെയിലാണു 100—ാമതു ‘നെക്സ’ ഡീലർഷിപ് പ്രവർത്തനം തുടങ്ങിയത്. കഴിഞ്ഞ ജൂലൈയിൽ അനാവരണം ചെയ്ത ‘നെക്സ’ ശൃംഖല ആറു മാസത്തിനുള്ളിലാണു നൂറിലെത്തിയത്. പ്രതീക്ഷിച്ചതിലും നേരത്തെയാണു നൂറാമതു ‘നെക്സ’ പ്രവർത്തനം തുടങ്ങിയതെന്നു മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി അറിയിച്ചു. കാർ വാങ്ങാനെത്തുമ്പോൾ വ്യക്തിപരമായ പരിഗണനയും ഊഷ്മളതയും ശ്രദ്ധയുമൊക്കെ ആഗ്രഹിക്കുന്നവർ ധാരാളമുണ്ടെന്ന് വിവിധ സർവേകളിൽ കണ്ടെത്തിയ സാഹചര്യത്തിലാണു കമ്പനി ‘നെക്സ’യ്ക്കു തുടക്കമിട്ടതെന്നും അദ്ദേഹം വിശദീകരിച്ചു.

Baleno

നെക്സ’ ഷോറൂം വഴി ഇതുവരെ 45,000 വാഹനങ്ങൾ വിറ്റെന്നാണു കണക്ക്. ഇതിൽ 17,000 ‘എസ് ക്രോസ്’ ക്രോസോവറും 28,000 ‘ബലേനൊ’ പ്രീമിയം ഹാച്ച്ബാക്കുകളും ഉൾപ്പെടും. മാത്രമല്ല, അടുത്ത സാമ്പത്തിക വർഷത്തോടെ ‘നെക്സ’യുടെ എണ്ണം 250 ആക്കി ഉയർത്താനും കമ്പനി ലക്ഷ്യമിട്ടിട്ടുണ്ട്. ഇതോടെ ഇത്തരം ഷോറൂമുകളിലെ റിലേഷൻഷിപ് മാനേജർമാരുടെ എണ്ണവും ഇപ്പോഴത്തെ 2,500ൽ നിന്ന് 5,000 ആയി ഉയരും.നിലവിൽ മൊത്തം വിൽപ്പനയുടെ 10% ആണു ‘നെക്സ’യുടെ സംഭാവന; 2020 ആകുമ്പോഴേക്കു വാഹന വിൽപ്പനിയൽ ‘നെക്സ’ ശൃംഖലയുടെ വിഹിതം 15% ആക്കി ഉയർത്താനാണു മാരുതി സുസുക്കിയുടെ പദ്ധതി. ഇതിനായി ഇത്തരം ഷോറൂമുകളുടെ എണ്ണം 400 എങ്കിലുമാക്കി ഉയർത്തേണ്ടി വരുമെന്നാണു മാരുതിയുടെ കണക്കുകൂട്ടൽ.

S-cross

നെക്സ’യിലൂടെ അരങ്ങേറ്റം കുറിച്ച ‘ബലേനൊ’ മികച്ച വിൽപ്പന കൈവരിച്ചു മുന്നേറുന്നതും മാരുതി സുസുക്കിയെ ഏറെ ആഹ്ലാദിപ്പിക്കുന്നുണ്ട്. ‘നെക്സ’ വഴിയുള്ള ആദ്യ അവതരണമായ ‘എസ് ക്രോസി’നു പ്രതീക്ഷിച്ച മുന്നേറ്റം കൈവരിക്കാനാവാതെ പോയതിന്റെ നഷ്ടബോധമാവും ‘ബലേനൊ’യുടെ വിജയത്തിലൂടെ മാരുതി സുസുക്കി നികത്തുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ എതിരാളികളായ ഹ്യുണ്ടേയ് ‘എലീറ്റ് ഐ ട്വന്റി’യെ പിന്തള്ളാൻ ‘ബലേനൊ’യ്ക്കു സാധിച്ചെന്നും വിൽപ്പനകണക്കുകൾ വ്യക്തമാക്കുന്നു. പ്രീമിയം ഹാച്ച്ബാക്ക് വിപണിയിലെ വിജയത്തിന്റെ ചുവടു പിടിച്ചു കോംപാക്ട് എസ് യു വി വിഭാഗത്തിലും നേട്ടംകൊയ്യാനാണു മാരുതി സുസുക്കി ഇപ്പോൾ തയാറെടുക്കുന്നത്. ഹ്യുണ്ടേയിൽ നിന്നുള്ള ‘ക്രേറ്റ’യെ വെല്ലുവിളിക്കാൻ ‘വിറ്റാര ബ്രെസ’യെയാണ് ഓട്ടോ എക്സ്പോയിൽ മാരുതി സുസുക്കി അനാവരണം ചെയ്യുക. തുടർന്നു മാർച്ചോടെ ‘നെക്സ’ ശൃംഖല വഴി തന്നെ ‘വിറ്റാര ബ്രെസ’യും വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ.