പുതിയ ബൊലേറോ എത്തുന്നു

ഇന്ത്യയിൽ ഏറ്റവുമധികം വിൽപ്പനയുള്ള യൂട്ടിലിറ്റി വാഹനങ്ങളിലൊന്നായ ബൊലേറോയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര എത്തുന്നു. ഗ്രാമ-നഗര ഭേദമെന്യേ യൂട്ടിലിറ്റി വാഹനപ്രേമികളുടെ ഇഷ്ട വാഹനമായ ബൊലേറോ നീളവും ഒപ്പം വിലയും കുറച്ചായിരിക്കും എത്തുക.

നിലവിൽ 4.17 മീറ്റർ നീളമുള്ള ബൊലേറോയുടെ നീളം 4 മീറ്ററിൽ താഴെയാക്കി കോംപാക്റ്റ് സെഗ്‍മെന്റിലും വെന്നിക്കൊടി പാറിക്കാനാണു കമ്പനിയുടെ ശ്രമം. 2000 സിസിയിൽ കുടൂതലുള്ള വാഹനങ്ങൾക്കു നിയന്ത്രണം വരുന്ന സാഹചര്യത്തിൽ വലിപ്പം കുറഞ്ഞ ഡീസൽ എൻജിനുമായായിരിക്കും ബൊലേറോ എത്തുന്നത്. മുന്നിലും പിന്നിലും മാറ്റങ്ങളുമായി പുതിയ ലുക്കിനൊപ്പം ഇന്റീറിയറിലും കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു.

നിലവിൽ 2.5 ലിറ്റർ എൻജിനാണു ബൊലേറോയിൽ ഉപയോഗിക്കുന്നത്. 3200 ആർപിഎമ്മിൽ 63 ബിഎച്ച്പി കരുത്തും 1400-2200 വരെ ആർപിഎമ്മിൽ 195 എൻഎം ടോർക്കും നൽകുന്നുണ്ട് ഈ എൻജിൻ. 2000 ൽ ചെറു എസ് യു വി എന്ന ലേബലിലാണ് ബൊലേറോ എത്തിയത്. എസ് യു വിയുടെ ലുക്കും വിലക്കുറവുമായിരുന്നു ബൊലേറോയുടെ മുഖമുദ്ര. മഹീന്ദ്ര അർമദയെ അടിസ്ഥാനമാക്കി എത്തിയ ബൊലോറ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ജനപ്രിയ വാഹനമായി മാറി. കാറിന്റെ യാത്രാസുഖവും അത്ര തന്നെ വിലയുമായി എത്തിയ 7 സീറ്ററിനെ ഇന്ത്യക്കാർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.