നിർമാണപിഴവ്: 54,740 ‘അക്സസ്’ തിരിച്ചുവിളിച്ചു സുസുക്കി

നിർമാണ പിഴവിന്റെ പേരിൽ അരലക്ഷത്തിലേറെ ‘അക്സസ് 125’ സ്കൂട്ടറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(എസ് എം ഐ പി എൽ) തീരുമാനിച്ചു. മുൻകരുതലെന്ന നിലയിലാണു പുതിയ ‘അക്സസ് 125’ സ്കൂട്ടറുകളുടെ പിന്നിലെ ആക്സിൽ ഷാഫ്റ്റ് പരിശോധിക്കുന്നതെന്നും കമ്പനി വിശദീകരിച്ചു. നിർമാണ പിഴവുണ്ടെന്നു കണ്ടെത്തിയാൽ റിയർ ആക്സിൽ ഷാഫ്റ്റ് സൗജന്യമായി മാറ്റി നൽകുമെന്നാണ് എസ് എ ഐ പി എല്ലിന്റെ വാഗ്ദാനം. ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ സുസുക്കിയുടെ മോഡൽ ശ്രേണിയിലെ ജനപ്രിയ, ഗീയർരഹിത സ്കൂട്ടറാണു പുതിയ ‘അക്സസ് 125’. മേയിൽ ഇത്തരത്തിൽപെട്ട 19,390 സ്കൂട്ടറുകളാണു കമ്പനി വിറ്റത്.

കഴിഞ്ഞ മാർച്ച് എട്ടിനും ജൂൺ 22നുമിടയ്ക്കു നിർമിച്ചു വിറ്റ ‘അക്സസ് 125’ സ്കൂട്ടറുകളിലാണു കമ്പനി പിഴവ് സംശയിക്കുന്നത്. അതുകൊണ്ട് ഇക്കാലത്തു നിർമിച്ച 54,740 സ്കൂട്ടറുകൾക്കായി പ്രത്യേക പരിശോധന ക്യാംപ് സംഘടിപ്പിക്കാനാണ് എസ് എം ഐ പി എല്ലിന്റെ തീരുമാനം. പരിശോധനയിൽ തകരാറുണ്ടെന്നു കണ്ടെത്തിയാൽ സ്കൂട്ടറിന്റെ റിയർ ആക്സിൽ ഷാഫ്റ്റ് ക്യാംപിൽ സൗജന്യമായി മാറ്റി നൽകുകയും ചെയ്യും. കൂടാതെ ക്യാംപിലെത്തുന്ന സ്കൂട്ടറുകൾക്ക് സൗജന്യ സർവീസും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപയോക്താക്കളുടെ സംതൃപ്തി പരിഗണിച്ചും അവരുടെ സുരക്ഷയ്ക്കുള്ള മുൻകരുതലെന്ന നിലയിലുമാണ് ‘അക്സസ് 125’ സ്കൂട്ടറുകൾക്കായി ഈ പ്രത്യേക പരിശോധനാ ക്യാംപ് സംഘടിപ്പിക്കുന്നതെന്നു സുസുക്കി മോട്ടോർ സൈക്കിൾ വക്താവ് വെളിപ്പെടുത്തി. പരിശോധന ആവശ്യമുള്ള ‘അക്സസ് 125’ ഉടമകളെ ഡീലർഷിപ്പുകളിൽ നിന്നു നേരിട്ടു വിവരം അറിയിക്കും. ഇതിനു പുറമെ സുസുക്കി ഡീലർഷിപ്പിലെത്തി വാഹനം സംബന്ധിച്ച വിവരം കൈമാറിയും ഇക്കാര്യം സ്ഥിരീകരിക്കാം.