‘2017 ഇകോസ്പോർട്’ സാവോപോളോ ഓട്ടോ ഷോയിൽ

Representative Image

ഫോഡിന്റെ കോംപാക്ട് എസ് യു വിയായ ‘ഇകോസ്പോർട്ടി’ന്റെ പരിഷ്കരിച്ച പതിപ്പ് സാവോപോളൊ ഓട്ടോ ഷോയിൽ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. ഇന്ത്യയിൽ ഇക്കൊല്ലം ആദ്യം കരുത്തേറിയ ഡീസൽ എൻജിനുള്ള ‘ഇകോസ്പോർട്’ വിൽപ്പനയ്ക്കെത്തിയപ്പോൾ ചില്ലറ പരിഷ്കാരങ്ങളും നടപ്പാക്കിയിരുന്നു. എന്നാൽ രാജ്യാന്തര തലത്തിൽ പരിഷ്കരിച്ച ‘ഇകോസ്പോർട്’ വിൽപ്പനയ്ക്കെത്തിക്കാനുള്ള ഒരുക്കങ്ങളാണു യു എസ് നിർമാതാക്കളായ ഫോഡ് ഇപ്പോൾ നടത്തുന്നത്.

പരിഷ്കരിച്ച ഹെഡ്ലാംപ്, ടെയിൽലാംപ്, ഹെക്സഗണൽ ഗ്രിൽ, പുതിയ രൂപകൽപ്പനയുള്ള അലോയ്വീൽ, റീ പ്രൊഫൈൽഡ് ബംപർ എന്നിവയൊക്കെ ‘2017 ഇകോസ്പോർട്ടി’ൽ പ്രതീക്ഷിക്കാം. അകത്തളത്തിലാവട്ടെ പുത്തൻ സ്റ്റീയറിങ് വീൽ, നവീകരിച്ച സെന്റർ കൺസോൾ, സിങ്ക് ഇൻഫൊടെസ്ൻമെന്റ് സംവിധാനത്തിനു പുത്തൻ കളർ ഡിസ്പ്ലേ എന്നിവയും പ്രതീക്ഷിക്കാം. അതേസമയം, ഇപ്പോൾ ഇന്ത്യയിൽ ലഭിക്കുന്ന മോഡലിലെ സെന്റർ കൺസോൾ തന്നെയാവും ‘2017 ഇകോസ്പോർട്ടി’ലും ഇടംപിടിക്കുകയെന്നാണു സൂചന.

സൗത്ത് അമേരിക്കയിലും ചൈനയിലുമൊക്കെ പരിഷ്കരിച്ച ‘ഇകോസ്പോർട്’ പരീക്ഷണ ഓട്ടം ആരംഭിച്ചിട്ടുണ്ട്. ബ്രസീലിൽ കണ്ടതിനെ അപേക്ഷിച്ച് ചൈനയിലെ വാഹനത്തിലെ ഡാഷ്ബോഡ് തികച്ചും വ്യത്യസ്തമാണ്. പിന്നിൽ ഘടിപ്പിച്ച സ്പെയർ വീലിനോട് ഇന്ത്യയ്ക്കുള്ള ആഭിമുഖ്യം പരിഗണിച്ച് ഏഷ്യയിൽ വിൽപ്പനയ്ക്കുള്ള മോഡലുകളിൽ ഈ സംവിധാനം നിലനിർത്തിയേക്കും. ഇന്ത്യൻ വിപണിയിൽ 2013ൽ അരങ്ങേറ്റം കുറിക്കുമ്പോൾ കോംപാക്ട് എസ് യു വി വിഭാഗത്തിൽ സമ്പൂർണ ആധിപത്യമായിരുന്നു ‘ഇകോസ്പോർട്ടി’ന്. എന്നാൽ മാരുതി സുസുക്കി ‘വിറ്റാര ബ്രേസ’യും ഹ്യുണ്ടേയ് ‘ക്രേറ്റ’യുമൊക്ക എത്തിയതോടെ ‘ഇകോസ്പോർട്ടി’നുള്ള വെല്ലുവിളി കനത്തതായിട്ടുണ്ട്.