കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ്‌യുടെ ചെറു എസ് യു വി ക്രേറ്റയുടെ പുതിയ വകഭേദം എത്തുന്നു. കഴിഞ്ഞ വർഷം നടന്ന സാവോപോളോ ഓട്ടോഷോയിൽ കമ്പനി പ്രദർശിപ്പിച്ച ക്രേറ്റയായിരിക്കും ഇന്ത്യയിലെത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ നിലവിൽ ബ്രസീൽ വിപണിയിലുള്ള വാഹനത്തെ കുറച്ചു മാറ്റങ്ങൾ വരുത്തിയായിരിക്കും ഇന്ത്യയിൽ അവതരിപ്പിക്കുക. കമ്പനി ഔദ്യോഗിക പ്രതീകരണങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും ഈ വർഷം അവസാനത്തോടെ പുതിയ ക്രേറ്റ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.
ക്രോം ഫിനിഷോടു കൂടിയ ഗ്രില്‍, നവീകരിച്ച ബമ്പര്‍, സ്റ്റൈലിഷ് എല്‍ഇഡി ഫോഗ് ലാംപുകള്‍, പിന്നിലെ ബമ്പറിലെ ചെറിയ മാറ്റങ്ങൾ, ടെയിൽലാമ്പിലെ മാറ്റങ്ങൾ എന്നിവയാണ് പുതിയ ക്രേറ്റയിൽ പ്രതീക്ഷിക്കുന്നത്. ഡ്യുവല്‍ ടോണ്‍ ഫിനിഷിൽ ഒരുക്കിയിരിക്കുന്ന അകത്തളത്തിലും പുതുമകളുണ്ടാകുമെന്നു കമ്പനി സൂചന നൽകിയിട്ടുണ്ട്. കോര്‍ണറിങ് ലൈറ്റുകള്‍, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ക്ലൈം അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിട്ടറിങ് സിസ്റ്റം എന്നിവയും പുതിയ ക്രേറ്റയിൽ പ്രതീക്ഷിക്കാം.
എന്നാൽ മുഖം മിനുക്കലിലെക്കാൾ ഉപരിയായി എൻജിനിൽ മാറ്റങ്ങളുണ്ടായേക്കും. നിലവിലെ 1.6 ലീറ്റർ പെട്രോൾ, 1.4 ലീറ്റർ, 1.6 ലീറ്റർ ഡീസൽ എൻജിനുകള്‍ തന്നെയാകും ഉപയോഗിക്കുക എങ്കിലും മിഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഈ എൻജിനുകളിൽ കൊണ്ടു വന്നേക്കാം. കൂടാതെ ഹൈബ്രിഡ് ആകുന്ന ക്രേറ്റയുടെ വില കേന്ദ്ര സർക്കാറിന്റെ എഫ്ഇഎംഇ പദ്ധതി പ്രകാരം കുറഞ്ഞേക്കും. റെനോ ഡസ്റ്റർ, നിസാന്‍ ടെറാനോ മോഡലുകളുമായി മല്‍സരിക്കാനെത്തിയ ക്രേറ്റയ്ക്ക് മികച്ച പ്രതികരണമാണു ലഭിച്ചത്. പുറത്തിറങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ ഹ്യൂണ്ടേയ് ഏകദേശം ഒരുലക്ഷത്തിലധികം ക്രേറ്റ നിരത്തിലെത്തിച്ചിരുന്നു.