എണ്ണ നികുതി: കേന്ദ്ര സർക്കാരിനു ലഭിച്ചത് 1.99 ലക്ഷം കോടി രൂപ

ഇന്ധന വിലയിലെ എക്സൈസ് ഡ്യൂട്ടിയായി 2015 — 16 സാമ്പത്തിക വർഷം കേന്ദ്ര സർക്കാരിനു ലഭിച്ചത് 1.99 ലക്ഷം കോടി രൂപ. 2014 — 15ൽ ഇന്ധനങ്ങളുടെ എക്സൈസ് ഡ്യൂട്ടിയിൽ നിന്നുള്ള വരുമാനത്തെ അപേക്ഷിച്ച് 34 ശതമാനത്തോളം അധികമാണിത്. പോരെങ്കിൽ 2015 — 16ൽ രാജ്യത്തിന്റെ മൊത്തം പരോക്ഷ നികുതി വരുമാനത്തിൽ 40 ശതമാനത്തോളമാണു പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടിയിൽ നിന്നു ലഭിച്ചത്. 

കേന്ദ്രത്തിന്റെ 2015 — 16ലെ എക്സൈസ് ഡ്യൂട്ടി പിരിവിൽ 2013 — 14നെ അപേക്ഷിച്ച് 70 ശതമാനത്തോളം വളർച്ച കൈവരിച്ചെന്നും കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ(സി എ ജി) നടത്തിയ പഠനം വ്യക്തമാക്കുന്നു. 2013 — 14ൽ എക്സൈസ് ഡ്യൂട്ടിയിനത്തിൽ 1.69 ലക്ഷം കോടി രൂപ ലഭിച്ചത്  2015 — 16ൽ 2.87 ലക്ഷം കോടി രൂപയായാണ് ഉയർന്നത്. പെട്രോൾ, ഡീസൽ, സിഗററ്റ്, ഗുട്ക വിൽപ്പനയിൽ നിന്നുള്ള നികുതി പിരിവ് വർധിച്ചതാണ് എക്സൈസ് ഡ്യൂട്ടി വരുമാനം കുത്തനെ ഉയരാൻ വഴി തെളിച്ചത്. എക്സൈസ് ഡ്യൂട്ടിക്കു പുറമെ കസ്റ്റംസ്, സേവന നികുതികൾ കൂടി ഉൾപ്പെടുന്നതാണു പരോക്ഷ നികുതി വരുമാനം.

ആഗോള വിപണികളിൽ അസംസ്കൃത എണ്ണ വില ഇടിഞ്ഞതിന്റെ നേട്ടം ഉപയോക്താക്കൾക്കു കൈമാറാതെയാണു കേന്ദ്ര സർക്കാർ ഇന്ധനങ്ങളുടെ എക്സൈസ് ഡ്യൂട്ടിയിൽ വമ്പൻ നേട്ടം കൊയ്തത്. ഇതോടെ അയൽ രാജ്യങ്ങളായ പാകിസ്ഥാനെയും ശ്രീലങ്കയെയും അപേക്ഷിച്ച് ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പന വില വളരെ കൂടുതലാണ്. 2013 — 14ൽ മൊത്തം പരോക്ഷ നികുതിയുടെ 52 ശതമാനത്തോളമായിരുന്നു പെട്രോളിയം ഉൽപന്നങ്ങളിൽ നിന്നുള്ള എക്സൈസ് നികുതിയുടെ വിഹിതം; എന്നാൽ 2015 — 16ൽ പെട്രോളിയം ഉൽപന്നങ്ങളുടെ സംഭാവന 69 ശതമാനത്തോളമായി ഉയർന്നെന്നാണു കണക്ക്. 

കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷത്തിനിടെ പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി ലീറ്ററിന് 1.2 രൂപയിൽ നിന്ന് 8.95 രൂപയായും ഹൈസ്പീഡ് ഡീസലിന്റേത് ലീറ്ററിന് 1.46 രൂപയിൽ നിന്ന് 7.96 രൂപയായും ഉയർന്നിട്ടുണ്ട്. പെട്രോളിയം ഉൽപന്നങ്ങളിൽ നിന്നുള്ള നികുതി വരുമാനം 2013 — 14ൽ 88,000 കോടി രൂപയായിരുന്നത് 2015 — 16ൽ 1.99 ലക്ഷം കോടി രൂപയായി ഉയർന്നു. പരോക്ഷ നികുതി വരുമാനത്തിൽ രണ്ടാം സ്ഥാനത്തുള്ള പുകയില ഉൽപന്നങ്ങളുടെ വിഹിതം 21,000 കോടി രൂപയായും ഉയർന്നു. 

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഇന്ധന വിലയിൽ ആ കുറവ് പ്രതിഫലിക്കുന്നതേയില്ല. 2014ൽ വീപ്പയ്ക്ക് 112 ഡോളറായിരുന്ന ക്രൂഡ് ഓയിൽ വില പിന്നീട് 30 ഡോളറോളം താഴ്ന്നിരുന്നു. പക്ഷേ എക്സൈസ് ഡ്യൂട്ടി നിരക്കുകൾ ഗണ്യമായ ഉയർന്നതിനാൽ ഈ വിലയിടിവിന്റെ ആനുകൂല്യം ഇന്ത്യൻ ഉപയോക്താക്കൾക്കു ലഭിച്ചതേയില്ല. ഇപ്രകാരം ലഭിച്ച അധിക വരുമാനം സാമൂഹ്യക്ഷേമ പ്രവർത്തനത്തിനു വിനിയോഗിച്ചെന്നാണു കേന്ദ്ര സർക്കാരിന്റെ അവകാശവാദം.