ഹീറോയുടെ ഹാലോൾ ശാല പ്രവർത്തനം തുടങ്ങി

ഹീറോ മോട്ടോ കോർപ് ഗുജറാത്തിലെ ഹാലോളിൽ സ്ഥാപിച്ച പുതിയ ഇരുചക്രവാഹന നിർമാണശാല പ്രവർത്തനസജ്ജമായി. യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സ് ഹാലോൾ ശാലയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുന്ന വേളയിലാണു ഹീറോ മോട്ടോഴ്സ് പ്ലാന്റിൽ നിന്നുള്ള ആദ്യ ബൈക്ക് നിരത്തിലെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോയുടെ പുത്തൻ ശാലയിൽ നിർമിച്ച ആദ്യ ‘സ്പ്ലെൻഡർ പ്രോ’ ബൈക്ക് കമ്പനി ഗുജറാത്തിലെ സോംനാഥ് ക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിച്ചു. ഈ ശാലയുടെ ഔപചാരിക ഉദ്ഘാടനം സംബന്ധിച്ചു തീരുമാനമായിട്ടില്ലെന്നാണു കമ്പനി നൽകുന്ന സൂചന. 

മൊത്തം 1,100 കോടിയോളം രൂപ ചെലവിൽ പൂർത്തിയാക്കിയ ആദ്യഘട്ടത്തിൽ പ്രതിവർഷം 12 ലക്ഷം യൂണിറ്റാണു ഹാലോൾ ശാലയുടെ ഉൽപ്പാദനശേഷി. നിർമാണം പൂർത്തിയാവുന്നതോടെ വാർഷിക ഉൽപ്പാദനശേഷി 18 ലക്ഷം യൂണിറ്റായി ഉയരും. ഡിസംബറിൽ അവസാനിച്ച ത്രൈമാസത്തിൽ തന്നെ ഹീറോ മോട്ടോ കോർപ് ഹാലോൾ ശാലയിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ആരംഭിച്ചിരുന്നു. കമ്പനിയുടെ ആറാമതു നിർമാണശാലയാണ് ഗുജറാത്തിൽ പ്രവർത്തനം തുടങ്ങിയത്.

നിലവിൽ ധാരുഹേര, ഗുരുഗ്രാം(ഹരിയാന), ഹരിദ്വാർ(ഉത്തരാഖണ്ട്), നീംറാന(രാജസ്ഥാൻ) എന്നിവിടങ്ങളിലും കൊളംബിയയിലുമാണു കമ്പനിയുടെ നിർമാണശാലകൾ പ്രവർത്തിക്കുന്നത്. ബംഗ്ലദേശിൽ ഹീറോ മോട്ടോ കോർപ് സ്ഥാപിക്കുന്ന പുതിയ ശാല ഇക്കൊല്ലം തന്നെ പ്രവർത്തനക്ഷമമാവുമെന്നാണു പ്രതീക്ഷ. കൂടാതെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കായി ആന്ധ്ര പ്രദേശിലും പുതിയ നിർമാശാല സ്ഥാപിക്കാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്.