എച്ച് എം എസ് ഐയെ നയിക്കാൻ കാറ്റൊ എത്തുന്നു

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ ലിമിറ്റഡി(എച്ച് എം എസ് ഐ)ന്റെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായി മിനൊരു കാറ്റൊ നിയമിതനായി. ഇപ്പോഴത്തെ മേധാവിയായ കീത്ത മുരമാറ്റ്സുവിന്റെ പിൻഗാമിയായി ശനിയാഴ്ചയാണു കാറ്റൊ ചുമതലയേൽക്കുക. ആറു വർഷമായി എച്ച് എം എസ് ഐയെ നയിക്കുന്ന കീത്ത മുരമാറ്റ്സുവിന് അമേരിക്കൻ ഹോണ്ട കമ്പനി ഇൻകോർപറേറ്റഡിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയിട്ടാണു പുതിയ നിയമനം. 

ആഗോളതലത്തിൽതന്നെ ഹോണ്ടയുടെ ഇരുചക്രവാഹന വ്യാപാരത്തിൽ ഏറ്റവുമധികം വിൽപ്പന നേടിക്കൊടുക്കുന്ന കമ്പനിയായി കഴിഞ്ഞ വർഷം എച്ച് എം എസ് ഐ മാറിയതാണു മുരമാറ്റ്സുവിന്റെ ഏറ്റവും മികച്ച നേട്ടം. കൂടാതെ പ്രധാനമന്ത്രിയുടെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലെ സജീവ പങ്കാളിയായി മാറാനും എച്ച് എം എസ് ഐയ്ക്കു കഴിഞ്ഞു. 2010 — 11 കാലത്ത് ഇന്ത്യയിൽ ഒറ്റ നിർമാണശാലയാണ് എച്ച് എം എസ് ഐയ്ക്കുണ്ടായിരുന്നത്; എന്നാൽ 2016 — 17 ആകുമ്പോൾ ശാലകളുടെ എണ്ണം നാലായി ഉയർന്നു. വാർഷിക ഉൽപ്പാദനശേഷിയാവട്ടെ 16 ലക്ഷം യൂണിറ്റിൽ നിന്ന് 58 ലക്ഷം യൂണിറ്റായും വർധിച്ചു. 

പ്രൊഡക്ഷൻ കൺട്രോൾ മുതൽ യൂറോപ്പിലും ദക്ഷിണ പൂർവ ഏഷ്യയിലും ജപ്പാനിലുമൊക്കെ മോട്ടോർ  സൈക്കിൾ പ്ലാനിങ്, സെയിൽസ് വിഭാഗങ്ങളിലും പ്രവർത്തിച്ച പരിചയവുമായാണ് കാറ്റൊ ഇന്ത്യയിലെത്തുന്നത്. 29 വർഷമായി ഹോണ്ടയ്ക്കൊപ്പമുള്ള കാറ്റൊ 2014 ഏപ്രിൽ ഒന്നു മുതൽ ഹോണ്ട വിയറ്റ്നാം കമ്പനി ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറാണ്.