മാരുതി ‘സിയാസ്’ വിൽപ്പന ഇനി നെക്സ വഴി

Ciaz

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ഇടത്തരം സെഡാനായ ‘സിയാസി’ന്റെ വിൽപ്പന ശനിയാഴ്ച മുതൽ പ്രീമിയം ഡീലർഷിപ്പായ നെക്സയിലേക്ക് മാറുന്നു. ഇതോടൊപ്പം നെക്സ ബ്ലൂ എന്ന പുതിയ നിറത്തിലും ‘സിയാസ്’ വിൽപ്പനയ്ക്കെത്തുന്നുണ്ട്. പ്രീമിയം സെഡാനായി മാരുതി സുസുക്കി വിശേഷിപ്പിച്ചിരുന്നതു കൊണ്ടുതന്നെ ‘സിയാസ്’വിൽപ്പന നെക്സയിലേക്കുചേക്കേറുന്നതിൽ അത്ഭുതത്തിനു വകയില്ല.

‘സിയാസ്’ കൂടിയെത്തുന്നതോടെ നെക്സ ശൃംഖലയിൽ വിൽപ്പനയ്ക്കെത്തുന്ന മോഡലുകളുടെ എണ്ണം നാലായി; നിലവിൽ ‘എസ് ക്രോസ്’, ‘ബലേനൊ’, ‘ഇഗ്നിസ്’ എന്നിവയാണു മാരുതി സുസുക്കി പുതുതലമുറ ഷോറൂം ശൃംഖലയായ നെക്സ വഴി വിപണനം നടത്തുന്നത്. രാജ്യത്താകെ ഇരുനൂറ്റി അൻപതോളം നെക്സ ഷോറൂമുകളാണ് ഇപ്പോഴുള്ളത്; പ്രതിവർഷം ഒന്നര ലക്ഷത്തോളം യൂണിറ്റിന്റെ വിൽപ്പനയാണു കമ്പനി ഈ ശൃംഖലയിൽ നിന്നു പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ മൊത്തം വിൽപ്പനയുടെ 12 ശതമാനത്തോളമാണ് നിലവിൽ നെക്സ ശൃംഖലയുടെ സംഭാവനയെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി അറിയിച്ചു. ‘ഇഗ്നിസും’ ‘സിയാസും’ ഒക്കെ എത്തുന്നതോടെ നെക്സയുടെ വിഹിതം 15% ആയി ഉയരുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഹോണ്ട ‘സിറ്റി’ പോലുള്ള കാറുകളോടു മത്സരിക്കുന്ന ‘സിയാസ്’ 2014 ജൂലൈയിലാണ് അരങ്ങേറ്റം കുറിച്ചത്.തുടർന്നു മികച്ച വിൽപ്പന വളർച്ച കൈവരിച്ചു മുന്നേറിയ ‘സിയാസി’ന് ഇടത്രം സെഡാൻ വിഭാഗത്തിലെ നേതൃസ്ഥാനവും സ്വന്തമായി. 2016 ഏപ്രിൽ — 2017 ഫെബ്രുവരി കാലത്ത് 59,530 ‘സിയാസ്’ ആണു മാരുതി സുസുക്കി വിറ്റത്; മുൻവർഷം ഇതേ കാലത്തെ അപേക്ഷിച്ച് 22 ശതമാനത്തോളം അധികമാണിത്. ഇതേ കാലയളവിൽ ഹോണ്ട വിറ്റതാവട്ടെ 51,713 ‘സിറ്റി’യും. ‘സിയാസി’ന്റെ ഡീസൽ സ്മാർട് ഹൈബ്രിഡ് രാജ്യത്തു തന്നെ ലഭ്യമായ ഏറ്റവും ഇന്ധനക്ഷമതയേറഇയ കാറാണ്; മൊത്തം ‘സിയാസ്’ വിൽപ്പനയിൽ 60 ശതമാനത്തിലേറെ സ്മാർട് ഹൈബ്രിഡിന്റെ സംഭാവനയാണെന്നു കാൽസിയും സാക്ഷ്യപ്പെടുത്തുന്നു.