കാർ നിർമാണം: 2020നകം മൂന്നാമതെത്താൻ ടാറ്റ

രണ്ടു വർഷത്തിനകം ഇന്ത്യൻ കാർ നിർമാതാക്കളിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരാനാവുമെന്ന പ്രതീക്ഷയിൽ ടാറ്റ മോട്ടോഴ്സ്. 2019 അവസാനിക്കുമ്പോഴേക്ക് ഇന്ത്യൻ കാർ നിർമാണ മേഖലയിലെ മൂന്നാം സ്ഥാനം കൈവരുമെന്നാണു കമ്പനിയുടെ പ്രതീക്ഷയെന്നു ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് വിപണന വിഭാഗം മേധാവി വിവേക് ശ്രീവത്സ  അറിയിച്ചു. നിലവിൽ കാർ നിർമാതാക്കളിൽ നാലാം സ്ഥാനത്താണു ടാറ്റ മോട്ടോഴ്സ്.

കഴിഞ്ഞ ഒരു വർഷത്തിനിടെ കാർ വിൽപ്പനയിൽ മികച്ച വളർച്ചയാണു കമ്പനി കൈവരിച്ചത്; കാർ വ്യവസായം കൈവരിച്ച വിൽപ്പന വളർച്ചയുടെ ഇരട്ടിയോളം നേടിയാണു ടാറ്റ മോട്ടോഴ്സിന്റെ മുന്നേറ്റമെന്നും ശ്രീവത്സ വെളിപ്പെടുത്തി. കാർ വിൽപ്പനയിൽ ഏഴോ എട്ടോ ശതമാനമാണു വ്യവസായ മേഖലയിലെ വളർച്ച; അതേസമയം ടാറ്റ മോട്ടോഴ്സിന്റെ കാർ വിൽപ്പനയിൽ രേഖപ്പെടുത്തിയ വർധന 20 ശതമാനത്തിനടുത്താണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ദേശീയതലത്തിൽ നാലു ശതമാനത്തോളമാണു കമ്പനിയുടെ വിപണി വിഹിതം.

കഴിഞ്ഞ ഏപ്രിലിൽ വിപണിയിലെത്തിയ ഹാച്ച്ബാക്കായ ‘ടിയാഗൊ’യും ജനുവരിയിൽ പുറത്തെത്തിയ കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘ഹെക്സ’യുമാണു ടാറ്റ മോട്ടോഴ്സിനു മികച്ച വിൽപ്പന നേടിക്കൊടുക്കുന്നത്. ഇന്ത്യൻ കാർ വിപണിയിൽ മികച്ച സ്വീകാര്യത നേടാൻ ഇരു മോഡലുകൾക്കും കഴിഞ്ഞെന്നും ശ്രീവത്സ അവകാശപ്പെട്ടു. നിരത്തിലെത്തി ആദ്യ വർഷത്തിനുള്ളിൽ 83,000 ബുക്കിങ്ങാണു ‘ടിയാഗൊ’ സ്വന്തമാക്കിയത്. അതുകൊണ്ടുതന്നെ പ്രതിമാസം 5,000 യൂണിറ്റ് വിൽപ്പന നേടിയാണു ‘ടിയാഗൊ’ മുന്നേറുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇതുവരെ അരലക്ഷത്തോളം ‘ടിയാഗൊ’ വിൽക്കാൻ ടാറ്റയ്ക്കു സാധിച്ചിട്ടുണ്ട്. വിപണിയിലെ ആവശ്യം തുടരുന്ന കാലത്തോളം കമ്പനി ‘നാനോ’ നിർമാണം തുടരുമെന്നു ശ്രീവത്സ വ്യക്തമാക്കി. ‘നാനോ’യുടെ കാര്യത്തിൽ സങ്കീർണമായ തന്ത്രങ്ങളൊന്നും ടാറ്റ മോട്ടോഴ്സിന്റെ പരിഗണനയിലില്ല; ആവശ്യക്കാർ ഉള്ളിടത്തോളം കാലം ‘നാനോ’ നിർമാണം തുടരുകയെന്ന ലളിതമായ മാർഗമാണു കമ്പനി പിന്തുടരുന്നത്.