ടാറ്റയുടെ ചെറു എസ് യു വി ‘നെക്സൻ’ ഈ വർഷം

Tata Nexon

യാത്രാവാഹന വിഭാഗത്തിലെ പ്രകടനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് പുതിയ കോംപാക്ട് എസ് യു വിയായ ‘നെക്സൻ’ ഇക്കൊല്ലം അവസാനത്തോടെ വിൽപ്പനയ്ക്കെത്തിക്കുമെന്നു ടാറ്റ മോട്ടോഴ്സ്. അഞ്ചു ശതമാനത്തോളം വിപണി വിഹിതവുമായി ഇന്ത്യൻ യാത്രാവാഹന നിർമാതാക്കളിൽ നാലാം സ്ഥാനത്താണു ടാറ്റ മോട്ടോഴ്സ് ഇപ്പോൾ. രണ്ടു വർഷത്തിനകം ഈ വിഭാഗത്തിലെ വിൽപ്പന മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്താനാണു കമ്പനി ലക്ഷ്യമിടുന്നത്.

യാത്രാവാഹന വിപണിയിൽ 60 ശതമാനത്തോളം മേഖലയിൽ സാന്നിധ്യമില്ലെന്നു ടാറ്റ മോട്ടോഴ്സ് ഡിസൈൻ മേധാവി പ്രതാപ് ബോസ് അംഗീകരിക്കുന്നു. കോംപാക്ട് എസ് യു വി പോലെ വിപണന സാധ്യതയേറിയ വിഭാഗങ്ങളിലാണു കമ്പനിക്കു പ്രാതിനിധ്യമില്ലാത്തത്. ഈ പോരായ്മ മറികടക്കാനാണു ‘നെക്സനി’ലൂടെ കമ്പനി ശ്രമിക്കുന്നതെന്നും ബോസ് വ്യക്തമാക്കി.  യാത്രാവാഹന വിഭാഗത്തിൽ പ്രകടനം മെച്ചപ്പെടുത്താൻ ഒട്ടേറെ മോഡുകൾ രൂപകൽപ്പനാ — എൻജിനീയറിങ് ഘട്ടങ്ങളിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ വിഭാഗത്തിൽ സുസ്ഥിര വിൽപ്പന കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണു ടാറ്റ മോട്ടോഴ്സിന്റെ നീക്കം. 

കഴിഞ്ഞ സാമ്പത്തിക വർഷം 1.53 ലക്ഷം യാത്രാവാഹനങ്ങളാണു കമ്പനി വിറ്റത്; 2015 — 16ലെ വിൽപ്പനയാവട്ടെ 1.25 ലക്ഷം യൂണിറ്റായിരുന്നു. പോരെങ്കിൽ ഈ വിഭാഗത്തിൽ വിപണി വിഹിതത്തിൽ 0.64% വർധന കൈവരിക്കാനും ടാറ്റ മോട്ടോഴ്സിനു കഴിഞ്ഞു. കഴിഞ്ഞ വർഷം ‘ടിഗൊർ’, ‘ടിയാഗൊ’, ‘ഹെക്സ’ എന്നീ മൂന്നു മോഡലുകളാണു കമ്പനി വിൽപ്പനയ്ക്കെത്തിച്ചത്. വലിയ ഹാച്ച്ബാക്കുകളിലെയും ചെറു സെഡാനുകളിലെയും മികവുകൾ ‘ടിഗൊറി’ൽ സമന്വയിപ്പിക്കാനാണു കമ്പനി ശ്രമിച്ചിരിക്കുന്നതെന്നും ബോസ് വിശദീകരിച്ചു. 

ഇംപാക്ട് ഡിസൈൻ ടെക്നോളജിയിൽ അധിഷ്ഠിതമായി ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ച മൂന്നാമതു മോഡലാണു ‘ടിഗൊർ’. ഇതേ ശ്രേണിയിൽപെട്ട ഹാച്ച്ബാക്കായ ‘ടിയാഗൊ’യ്ക്കു വിപണിയിൽ മികച്ച വരവേൽപ്പാണു ലഭിച്ചതെന്നും ബോസ് അവകാശപ്പെട്ടു. 80,000 ബുക്കിങ് നേടിയ ‘ടിയാഗൊ’യുടെ ഇതുവരെയുള്ള വിൽപ്പന അര ലക്ഷം യൂണിറ്റിലേറെയായെന്നും അദ്ദേഹം അറിയിച്ചു.