Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഎസ്ടിയിൽ ചെറുകാറുകളുടെ വില ഉയർന്നേക്കും

Maruti Alto K10 Alto K10, Representative Image

നിലവിലെ നികുതിസമ്പ്രദായം മാറി ചരക്ക്–സേവന നികുതി (ജിഎസ്ടി) വരുമ്പോൾ ചെറുകാറുകൾക്കു വില ഉയരുമെന്നു സൂചന. ജൂലൈ ഒന്നിനു ജിഎസ്ടി നടപ്പാകുമ്പോൾ 5%, 12%, 18%, 28% എന്നിങ്ങനെ നികുതി സ്ലാബുകളും ഇപ്പോൾ ഇതിലുമുയർന്ന നികുതി ബാധകമായ ഉൽപന്നങ്ങൾക്കു മേൽ 15% വരെ സെസും ആണു ബാധകമാകുക.

നിലവിൽ ചെറുകാറുകൾക്ക് (4 മീറ്ററിൽ താഴെ നീളം, 1200 സിസി വരെ പെട്രോൾ എൻജിൻ ശേഷി, 1500 സിസി വരെ ഡീസൽ എൻജിൻ ശേഷി) 12.5% എക്സൈസ് തീരുവ കേന്ദ്രവും 14.5–15% വിൽപനനികുതി (വാറ്റ്) സംസ്ഥാനങ്ങളുമാണ് ഈടാക്കുന്നത്. ഇത് രണ്ടും ചേരുമ്പോൾ പരമാവധി 27.5%. ഇതിനു തൊട്ടടുത്തുള്ള ജിഎസ്ടി സ്ലാബ് 28% ആയതിനാൽ നികുതി ഉയരുകയാണുണ്ടാവുക.

ഇടത്തരം കാറുകൾക്കു നിലവിൽ 24% എക്സൈസ് തീരുവയാണ്. സംസ്ഥാന നികുതി കൂടിയാകുമ്പോൾ 38.5% ആകും ആകെ നികുതി. ജിഎസ്ടിയിൽ 28% കഴിഞ്ഞ് സ്ലാബില്ല എങ്കിലും സെസ് കൂടിച്ചേർത്ത് നിലവിലെ നികുതിഭാരത്തിന് അടുത്തെത്തിക്കും എന്നതിനാൽ വില കുറയാൻ സാധ്യതയില്ല.

27–30% എക്സൈസ് തീരുവയും 14.5% സംസ്ഥാന നികുതിയുമുള്ള എസ്‌യുവികൾക്കും വലിയ കാറുകൾക്കും 44.5% വരെ നികുതി ഇപ്പോഴുണ്ട്. ജിഎസ്ടിയിൽ പരമാവധി 28% നികുതിയും 15% സെസും ആകയാൽ ഇവയുടെ നികുതി ഭാരം 43% ആയി കുറയും. നിർമാതാക്കൾ ഈ കുറവ് ഉപഭോക്താവിനു കൈമാറാൻ തയാറായാൽ വില കുറയും.