കമ്യൂട്ടർ ബൈക്കിനപ്പുറം വളരാൻ ഹീറോ

കമ്യൂട്ടർ വിഭാഗത്തിനപ്പുറത്തേക്കു സാന്നിധ്യം ശക്തമാക്കാൻ ഇരുചക്രവാഹന വിപണിയെ നയിക്കുന്ന ഹീറോ മോട്ടോ കോർപ് തയാറെടുക്കുന്നു. ‘സ്മാർട്’ വൈദ്യുത വാഹനങ്ങളും പ്രീമിയം മോട്ടോർ സൈക്കിളുകളുമൊക്കെ അവതരിപ്പിച്ചു വിപണി വിപുലീകരിക്കാനാണു കമ്പനിയുടെ പദ്ധതി. 100 — 125 സി സി വിഭാഗത്തിലെ ശക്തമായ സാന്നിധ്യത്തിലൂടെ ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ നേതൃസ്ഥാനത്താണു ഹീറോ മോട്ടോ കോർപ്.

കഴിഞ്ഞ സെപ്റ്റംബറിലെ പുതിയ അവതരണമടക്കം നാലോളം മോഡലുകളാണു ഹീറോ മോട്ടോ കോർപിന് 150 സി സി എൻജിനുള്ള ബൈക്കുകൾ ഇടംപിടിക്കുന്ന പ്രീമിയം വിഭാഗത്തിലുള്ളത്. നേരത്തെ വിപണിയിലുണ്ടായിരുന്ന ‘ഹങ്ക്’, ‘എക്സ്ട്രീം’, ‘അച്ചീവർ’ എന്നിവയ്ക്കൊപ്പം ‘150 ഐ ത്രീ എസ്’ എന്ന മോഡലും കമ്പനി കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു. അടുത്ത പടിയായി 250 സി സി എൻജിനുള്ള ബൈക്കുകൾ അവതരിപ്പിച്ച് ആഭ്യന്തര, വിദേശ വിപണികളിൽ റോയൽ എൻഫീൽഡിന്റെ മേധാവിത്തത്തിനു വെല്ലുവിളി ഉയർത്താനാണു കമ്പനിയുടെ നീക്കം.

പ്രതിവർഷം ഏഴു ലക്ഷത്തോളം ബൈക്കുകളാണ് 250 സി സി വിഭാഗത്തിൽ വിറ്റു പോകുന്നത്; പക്ഷേ വാർഷികാടിസ്ഥാനത്തിൽ 30 ശതമാനത്തിലേറെ വിൽപ്പന വളർച്ച കൈവരിക്കാനും ഈ വിഭാഗത്തിനു കഴിയുന്നുണ്ട്. അടുത്ത വർഷമാദ്യം 200 സി സി ബൈക്കായ ‘എക്സ്ട്രീം 200 എസ്’ അവതരിപ്പിക്കാനാണു ഹീറോ മോട്ടോ കോർപ് തയാറെടുക്കുന്നത്. എൻട്രി ലവൽ വിഭാഗത്തിൽ 70 ശതമാനത്തോളം വിപണി വിഹിതമുള്ള കമ്പനി ഭാവിയുടെ സാധ്യതകളായാണ് സ്മാർട് ഇലക്ട്രിക് ബൈക്കുകളെയും പ്രീമിയം മോഡലുകളെയും പരിഗണിക്കുന്നത്. വിപ്ലവകരമായ സാങ്കേതികവിദ്യയുടെ പിൻബലമുള്ള സ്മാർട് ഇലക്ട്രിക് വാഹനങ്ങളാണു ഹീറോയുടെ സ്വപ്നം; ഇതിനായി സ്വന്തം ഗവേഷണ, വികസന വിഭാഗത്തിനൊപ്പം ബെംഗളൂരു ആസ്ഥാനമായ സ്റ്റാർട് അപ് കമ്പനിയായ ആതറിന്റെയും പിന്തുണയും ഹീറോ തേടുന്നുണ്ട്. പോരെങ്കിൽ 180 കോടിയോളം രൂപ മുടക്കി ആതറിൽ ഹീറോ 26 — 30% ഓഹരിയും സ്വന്തമാക്കിയിട്ടുണ്ടെന്നാണു സൂചന.