ഇസൂസു ‘എം യു — എക്സ്’ അവതരണം 11ന്

Isuzu MU-X

ജാപ്പനീസ് നിർമാതാക്കളായ ഇസൂസു മോട്ടോഴ്സിന്റെ പുതിയ എസ് യു വിയായ ‘ഇസൂസു എം യു — എക്സി’ന്റെ ഇന്ത്യൻ അരങ്ങേറ്റം 11ന്. ആന്ധ്ര പ്രദേശിലെ ശ്രീസിറ്റിയിലുള്ള നിർമാണശാലയിൽ നിന്നാണ് ‘എം യു — എക്സ്’ പുറത്തെത്തുക. പ്രാദേശികമായി സമാഹരിച്ച ഘടകങ്ങളുടെ വിഹിതം ഉയർന്നതിനാൽ തികച്ചും മത്സരക്ഷമമായ വിലകളിൽ ‘എം യു  — എക്സ്’ വിൽപ്പനയ്ക്കെത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇസൂസു. ജനറൽ മോട്ടോഴ്സിന്റെ ഷെവർലെ ‘ട്രെയ്ൽബ്ലേസറും’ സമാന പ്ലാറ്റ്ഫോമാണ് ഉപയോഗിക്കുന്നത്.

പിക് അപ്പായ ‘വി ക്രോസ് ഡി മാക്സു’മായി പ്ലാറ്റ്ഫോം പങ്കിടുന്ന ‘എം യു സെവൻ’ എസ് യു വിയുടെ പകരക്കാരനായിട്ടാണ് ഇസൂസു ‘എം യു — എക്സി’നെ പടയ്ക്കിറക്കുക. ‘വി ക്രോസി’നു സമാനമായ രൂപകൽപ്പനയുള്ള ‘എം യു — എക്സ്’ മൂന്നു നിര സീറ്റുകളുള്ള, പൂർണ തോതിലുള്ള എസ് യു വിയാണ്.  ഫോർ ബൈ ടു, ഫോർ ബൈ ഫോർ ലേ ഔട്ടുകളിൽ ‘എം യു — എക്സ് വിപണിയിലെത്തും. പരമാവധി 161 ബി എച്ച് പി വരെ കരുത്തും 360 എൻ എം വരെ ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തിയുള്ള മൂന്നു ലീറ്റർ ഡീസൽ എൻജിനാവും ‘എം യു — എക്സി’നു കരുത്തേകുക. മാനുവലിനു പുറമെ ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സഹിതവും ഇസൂസു ‘എം യു — എക്സ്’ വിൽപ്പനയ്ക്കെത്തിക്കും. 

ഫോഡ് ‘എൻഡേവർ’, ടൊയോട്ട ‘ഫോർച്യൂണർ’, മിറ്റ്സുബിഷി ‘പജീറൊ സ്പോർട്’ തുടങ്ങിയവയോടാണ് ഇന്ത്യയിൽ ഇസൂസു ‘എം യു — എക്സി’ന്റെ മത്സരം; 25 ലക്ഷം രൂപയോളമാവും എസ് യു വിയുടെ വിലയെന്നാണു സൂചന. ശ്രീ സിറ്റിയിലെ പുതിയ ശാലയുടെ വാർഷിക ഉൽപ്പാദനശേഷി അര ലക്ഷം യൂണിറ്റാണ്. ഭാവിയിൽ ഉൽപ്പാദനം 1.20 ലക്ഷം യൂണിറ്റ് വരെ വർധിപ്പിക്കാവുന്ന വിധത്തിലാണു ശാലയുടെ രൂപകൽപ്പന. 2016 ഏപ്രിലിൽ ഉൽപ്പാദനം ആരംഭിച്ച ശാലയ്ക്കായി ഇസൂസു മോട്ടോഴ്സ് ഇതുവരെ 3,000 കോടിയോളം രൂപ മുടക്കിയിട്ടുണ്ട്. ‘എം യു — എക്സ്’ അവതരണത്തോടെ ഈ ശാലയിൽ നിന്നുള്ള കയറ്റുമതി ആരംഭിക്കാനും ഇസൂസുവിനു പദ്ധതിയുണ്ട്.