മസെരാട്ടി ‘ലെവന്റെ’ ഇക്കൊല്ലം ഇന്ത്യയിലും

Maserati Levante

ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽസിന്റെ ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ ആഡംബര കാർ നിർമാതാക്കളായ മസെരാട്ടിയുടെ ആദ്യ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ലെവന്റെ’ ഇക്കൊല്ലം ഇന്ത്യയിലുമെത്തിയേക്കും. വർഷാവസാനത്തിനു മുമ്പ് ‘ലെവന്റെ’യെ ഇന്ത്യയിൽ അവതരിപ്പിക്കാനാണു മസെരാട്ടി ഒരുങ്ങുന്നത്. നിലവിൽ സെഡാനുകളായ ‘ഘിബ്ലി’യും ‘ക്വാർട്രൊപൊർട്ടെ’യുമാണു മസെരാട്ടി ഇന്ത്യയിൽ വിൽക്കുന്നത്.

അതിനിടെ മസെരാട്ടി നിർമിച്ച 1,00,000—ാമതു കാർ ‘2017 ഓട്ടോ ഷാങ്ഹായ്’ പ്രദർശനത്തിൽ കമ്പനി ചൈനീസ് ഉടമസ്ഥനു കൈമാറി. ഇറ്റലിയിലെ ജിയോണി അഗ്നെല്ലി ശാലയിൽ നിർമിച്ച ‘2017 ക്വാട്രൊപൊർട്ടെ ഗ്രാൻ സ്പോർട്ടാ’ണു മസെരാട്ടിയുടെ മൊത്തം ഉൽപ്പാദനം ഒരു ലക്ഷത്തിലെത്തിച്ചത്. പുറത്ത് വെള്ള നിറവും അകത്തളത്തിൽ ടാൻ സ്പർശവുമുള്ള ഈ ‘ക്വാർട്ടൊപൊർട്ടെ’യിൽ 21 ഇഞ്ച് ടൈറ്റാനൊ റിമ്മുകളും ചുവപ്പ് ബ്രേക്ക് കാലിപറുകളുമാണു മസെരാട്ടി ഘടിപ്പിച്ചിരിക്കുന്നത്.  മസെരാട്ടി മേധാവി റീഡ് ബിഗ്ലാൻഡാണു കാർ ഔദ്യോഗികമായി അനാവരണം ചെയ്തത്. ആഗോളതലത്തിൽ തന്നെ മസെരാട്ടിയുടെ ഏറ്റവും വലിയ വിപണിയാണു ചൈനയെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം റെക്കോഡ് വിൽപ്പന കൈവരിക്കാൻ കമ്പനിയെ സഹായിച്ചതും ചൈനീസ് വിപണിയിലെ തകർപ്പൻ പ്രകടനമാണെന്ന് അദ്ദേഹം വിശദീകരിച്ചു.