ക്ലാസിക്ക് ലുക്കിൽ ജാവ 350, ബുള്ളറ്റിന്റെ എതിരാളി

Jawa 350

ഒരു കാലത്ത് ഇന്ത്യൻ യുവാക്കളുടെ ഹരമായിരുന്നു ജാവ ബൈക്കുകൾ. ജാപ്പനീസ് ബൈക്കുകളുടെ കടന്നുകയറ്റത്തിനു മുമ്പ് ഇന്ത്യൻ നിരത്തുകളിലെ താരമായിരുന്നു ഈ ചെക്കോസ്ലോവാക്കിയൻ കമ്പനി. ജാവയും പിന്നീട് യെസ്ഡിയുമായി കളം നിറഞ്ഞ ഈ ബൈക്കുകൾക്കു ജാപ്പനീസ് ബൈക്കുകളുടെ കടന്നുകയറ്റത്തിൽ പിടിച്ചു നിൽക്കാനായില്ല. 1960 ൽ ആരംഭിച്ച ജാവ യുഗം 1996 ൽ അവസാനിച്ചു. 

Jawa 350

ഇന്നും ആരാധകരേറെയുള്ള ജാവ ബൈക്കുകൾ നീണ്ട രണ്ടു പതിറ്റാണ്ടിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തുന്നു എന്ന വാർത്തകൾ അടുത്തിടെയാണ് പുറത്തുവന്നത്. ഇന്ത്യയിലും കിഴക്കനേഷ്യയിലും ജാവയുടെ പേരിൽ ബൈക്കുകൾ പുറത്തിറക്കാനുള്ള ലൈസൻസ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജൻഡ്സ് പ്രൈവറ്റ് ലിമിറ്റഡ് (സിഎൽപിഎൽ) സ്വന്തമാക്കിയതോടെയാണ് ജാവ തിരിച്ചെത്താനുള്ള വഴി തെളിഞ്ഞത്. ഇപ്പോഴിതാ ബൈക്ക്  ജന്മനാടായ ചെക്ക് റിപ്പബ്ലിക്കിൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നു. 

Jawa 350

ജാവ 350 എന്ന പേരിലാണ് ചെക്ക് റിപ്പബ്ലിക്കിൽ പുറത്തിറങ്ങിയത്. 350 സിസി എൻജിനുള്ള ബൈക്കിന് 27.4 പിഎസ് കരുത്തും 30.6 എൻഎം ടോർക്കുമുണ്ട്. യൂറോ നാലു മലിനീകരണ നിയന്ത്രണപ്രകാരം തയ്യാറാക്കിയിരിക്കുന്ന ബൈക്ക് 2019 ൽ ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എബിഎസോടുകൂടിയ ബൈക്കിന് 99,930 ചെക്ക് കോറുനയാണ് വില (ഏകദേശം 2.61 ലക്ഷം രൂപയാണ്). റോയൽ എൻഫീൽ ക്ലാസിക്ക് 350 നോടായിരിക്കും ജാവ മത്സരിക്കുക.