Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാനിൽ പാറിപ്പറന്നു ചൈനയുടെ സ്വന്തം വിമാനം

comac-c919 Comac C919

ആഭ്യന്തര സാങ്കേതികവിദ്യയുടെ പിൻബലത്തിൽ ചൈന സ്വന്തമായി നിർമിച്ച ആധുനിക യാത്രാവിമാനം ആദ്യ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി.  പൊതുമേഖല വിമാന നിർമാതാക്കളായ കൊമേഴ്സ്യൽ എയർക്രാഫ്റ്റ് കോർപറേഷൻ ഓഫ് ചൈന ലിമിറ്റഡ്(കൊമാക്) ആസ്ഥാനമായ ഷാങ്ഹായിലെ പുഡോങ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് ‘സി 919’ വാനിലേക്കുയർന്നത്. ക്യാപ്റ്റനും സഹ പൈലറ്റിനും നിരീക്ഷകനും രണ്ടു എൻജിനീയർമാരുമടക്കം അഞ്ചു പേരാണ് പരീക്ഷണപ്പറക്കലിൽ ‘സി 919’ വിമാനത്തിലുള്ളത്. 80 മിനിറ്റോളം നീണ്ട കന്നിയാത്രയ്ക്കു ശേഷം വിമാനം ഷാങ്ഹായിൽ വിജയകരമായി തിരിച്ചിറങ്ങി. 

ഒറ്റ ഇടനാഴിയുള്ള, 174 പേർക്കു യാത്രാസൗകര്യമുള്ള വിമാനവുമായി ഈ മേഖലയിൽ കുത്തകയുള്ള ബോയിങ് ‘737’,  എയർബസ് ‘എ 320’ എന്നിവയോടു മത്സരിക്കാനാണു ചൈനയുടെ മോഹം. 2019ൽ ചൈന ഈസ്റ്റേൺ എയർലൈൻസ് കോർപറേഷനൊപ്പമാവും ആദ്യ ‘സി 919’ വാണിജ്യാടിസ്ഥാനത്തിൽ സർവീസിനെത്തുക. സാങ്കേതിക കാരണങ്ങളാൽ പലതവണ നീട്ടിവച്ച പരീക്ഷണപ്പറക്കലാണു ‘സി 919’ വിമാനം വെള്ളിയാഴ്ച ചൈനീസ് പ്രാദേശികസമയം ഉച്ചയ്ക്കു പൂർത്തിയാക്കിയത്. വ്യോമഗതാഗത മേഖലയിൽ ഏറ്റവും ജനപ്രിയമായ വിഭാഗം ലക്ഷ്യമിട്ട് ‘സി 919’ വിമാനവുമായി ചൈനയെത്തുന്നത് എയർബസ് എസ് ഇക്കും ബോയിങ് കമ്പനിക്കും കനത്ത വെല്ലുവിളി ഉയർത്തുമെന്നാണു പ്രതീക്ഷ. പോരെങ്കിൽ സമീപ ഭാവിയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാന വിപണിയായി ചൈന മാറുമെന്നാണു പ്രവചനങ്ങൾ; 2035 ആകുമ്പോഴേക്ക് ചൈനയ്ക്ക് 6,810 വിമാനങ്ങൾ ആവശ്യമായി വരുമെന്നാണു ബോയിങ്ങിന്റെ തന്നെ വിലയിരുത്തൽ. ഈ പശ്ചാത്തലത്തിൽ ‘കൊമാക്കി’ന്റെ വിമാനത്തിന് വിപുലമായ വിപണന സാധ്യതകളുണ്ടെന്നാണു പ്രതീക്ഷ.

പ്രതീക്ഷകളുടെ അമിതഭാരമേറ്റിയാണ് ‘സി 919’ പറക്കുന്നതെന്ന് ബെയ്ജിങ് ആസ്ഥാനമായ ചൈനീസ് സൊസൈറ്റി ഓഫ് ഏറോനോട്ടിക്സ് ആൻഡ് ആസ്ട്രോനോട്ടിക്സ് അംഗവും മിലിറ്ററി ടെസ്റ്റ് പൈലറ്റുമായ സു യോങ്ലിങ് കരുതുന്നു. ഏറ്റവും വിൽപ്പനയുള്ള, ഒറ്റ ഇടനാഴി വിമാനമായി മാറുകയെന്നതിലുപരി ആഭ്യന്തര സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായി ഇതിലും മികച്ചതു നിർമിക്കാനുള്ള കൊമാക്കിന്റെ ചുവടുവയ്പായാണ് ഇതിനെ വിലയിരുത്തപ്പെടുക.

പരീക്ഷണങ്ങൾക്കായി ആറു വിമാനങ്ങൾ നിർമിക്കാനാണു കൊമാക്കിന്റെ പദ്ധതി; ഇതിൽ രണ്ടാമത്തേതിന്റെ നിർമാണം ഷാങ്ഹായിലെ അസംബ്ലി ലൈനിൽ അന്തിമഘട്ടത്തോടടുക്കുകയാണ്. പരമാവധി 3,450 മൈൽ(5,552 കിലോമീറ്റർ) പറക്കാൻ പ്രാപ്തിയുള്ള വിമാനത്തിനു കരുത്തേകുന്നത്  സി എഫ് എം ഇന്റർനാഷനൽ ഇൻകോർപറേറ്റഡിൽ നിന്നുള്ള രണ്ട് ലീപ് — 1സി എൻജിനുകളാണ്; സഫ്രൻ എസ് എയും ജനറൽ ഇലക്ട്രിക് കമ്പനിയും ചേർന്നു സ്ഥാപിച്ച സംയുക്ത സംരംഭമാണു സി എഫ് എം ഇന്റർനാഷനൽ. ഇതിനു പുറമെ ലാൻഡിങ് ഗീയറിനായി ജർമൻ കമ്പനിയുമായും ചൈന സഹകരിക്കുന്നുണ്ട്. ഹണിവെൽ ഇന്റർനാഷനൽ ഇൻകോർപറേറ്റഡ്, റോക്വെൽ കോളിൻസ് ഇൻകോർപറേറ്റഡ്, ലീബർ ഇന്റർനാഷനൽ ഡോയിച്ലാൻഡ് ജി എം ബി എച്ച്, തെയിൽസ് എസ് എ, പാനസോണിക് കോർപറേഷൻ തുടങ്ങിയ വിദേശ കമ്പനികളാണു ചൈനയുടെ വിമാന നിർമാണത്തിൽ പങ്കാളികളാവുന്നത്.