മഹീന്ദ്ര യു കെയിലെ വൈദ്യുത കാർ വിൽപ്പന നിർത്തുന്നു

Mahindra E2O

യു കെയിലെ വൈദ്യുത കാർ വ്യാപാരം അവസാനിപ്പിക്കാൻ പ്രമുഖ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) തീരുമാനിച്ചു. കഴിഞ്ഞ വർഷമാണു കമ്പനി  വൈദ്യുത ഹാച്ച്ബാക്കായ ‘മഹീന്ദ്ര ഇ ടു ഒ’ ബ്രിട്ടീഷ് വിപണിയിൽ അവതരിപ്പിച്ചത്. ‘ജി — വിസി’ന്(ഇന്ത്യയിലെ ‘രേവ’) പകരക്കാരനായിട്ടായിരുന്നു ‘ഇ ടു ഒ’യുടെ അരങ്ങേറ്റം. ഉടനടി പ്രാബല്യത്തോടെ ‘ഇ ടു ഒ’ വിൽപ്പന അവസാനിപ്പിച്ച മഹീന്ദ്ര അവശേഷിച്ച ഓർഡറുകളും റദ്ദാക്കിയതായി ‘റോയിട്ടേഴ്സ്’ റിപ്പോർട്ട്  ചെയ്തിരുന്നു. വിറ്റു പോയ കാറുകൾ ഇപ്പോഴത്തെ ഉടമസ്ഥരിൽ നിന്നു കമ്പനി മടക്കി വാങ്ങുന്നുമുണ്ടത്രെ.

വിൽപ്പനയിൽ പ്രതീക്ഷിച്ച നിലവാരം കൈവരിക്കാനാവാതെ പോയ സാഹചര്യത്തിൽ യു കെയിൽ പ്രവർത്തനം തുടരുന്നത് ആദായകരമല്ലെന്നാണു മഹീന്ദ്രയുടെ പക്ഷം. ‘ബ്രെക്സിറ്റ്’ വോട്ടെടുപ്പ് ഫലം വന്നശേഷം പൗണ്ട് സ്റ്റെർലിങ്ങിന്റെ മൂല്യത്തിലുണ്ടായ ഇടിവും ‘ഇ ടു ഒ’ വിൽപ്പനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 

കഴിഞ്ഞ വർഷം ഏപ്രിലിലാണ്  രണ്ടു വകഭേദങ്ങളുമായി ‘ഇ ടു ഒ’യുടെ യു കെ പതിപ്പ് വിൽപ്പനയ്ക്കെത്തിയത്. മുന്തിയ വകഭേദത്തിൽ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, തുകൽ സീറ്റ്, എയർബാഗ്, ഇ എസ് പി, ഇൻബിൽറ്റ് നാവിഗേഷൻ, പ്ലോട്ടഡ് ചാർജ് പോയിന്റ് തുടങ്ങിയവയൊക്കെ ലഭ്യമായിരുന്നു. ‘ഇ ടു  ഒ’യുടെ വൈദ്യുത മോട്ടോറിനു  കരുത്തേകിയിരുന്നത് 13.5 കിലോവാട്ട് അവർ ബാറ്ററി പായ്ക്കായിരുന്നു; പരമാവധി 43 ബി എച്ച് പി കരുത്തും 91 എൻ എം ടോർക്കും സൃഷ്ടിക്കുന്ന എൻജിന് ഒറ്റത്തവണ ചാർജ് ചെയ്താൽ 127 കിലോമീറ്റർ റേഞ്ചാണു മഹീന്ദ്ര വാഗ്ദാനം ചെയ്തത്. ചുരുക്കത്തിൽ ഇന്ത്യയിൽ വിറ്റിരുന്നതിനെ അപേക്ഷിച്ച് കരുത്തേറി ‘ഇ ടു ഒ’ ആയിരുന്നു ബ്രിട്ടീഷ് നിരത്തിലെത്തിയത്.

പൂർണതോതിലുള്ള ഷോറൂമിനു പകരം ഓൺലൈൻ വിപണനവും സെയിൽസ് ചാനലുകൾ തിരഞ്ഞെടുത്ത് മഹീന്ദ്ര ‘ഇ ടു ഒ’യുടെ വിപണന ചെലവും പിടിച്ചു നിർത്തി. കാർ ഉടമകളുടെ വീട്ടിലെത്തിയായിരുന്നു മഹീന്ദ്ര വിൽപ്പനാന്തര സേവനം ഉറപ്പാക്കിയത്. ആഡംബര ബ്രാൻഡുകളായ ടെസ്ലയും ബി എം ഡബ്ല്യുവുമൊക്കെയായിരുന്നു വിപണിയിലുള്ളത് എന്നതിനാൽ ബ്രിട്ടനിൽ ലഭ്യമാവുന്ന ഏറ്റവും വില കുറഞ്ഞ വൈദ്യുത കാറുമായിരുന്നു ‘ഇ ടു ഒ’. ബെംഗളൂരുവിലെ ശാലയിൽ നിർമിച്ച ‘ഇ ടു ഒ’ ആണു കമ്പനി യു കെയിൽ വിൽപ്പനയ്ക്കെത്തിച്ചിരുന്നത്.