Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിരിക്കുന്ന വിമാനം

beluga-xl-2 Computer rendering of Beluga XL. Photo Courtesy: Airbus

വിമാനങ്ങൾ ആകാശത്തിൽ നേർക്കുനേർ കാണാത്തതു കൊണ്ടാണോ അവയ്ക്കൊന്നും ചിരിക്കുന്ന മുഖം ഇതുവരെ ആരും കൊടുക്കാതിരുന്നത്? ഇതിന് ഉത്തരം കണ്ടെത്താൻ കഴിഞ്ഞാലും ഇല്ലെങ്കിലും  യൂറോപ്യൻ വിമാനക്കമ്പനിയായ എയർബസ് തങ്ങളുടെ വലിയ ചരക്കു വിമാനമായ എയർബസ് ബലൂഗയുടെ പുതിയ ഇനമായ  ബലൂഗ എക്സ്എൽ ഇറക്കുന്നത് ചിരിക്കുന്ന മുഖവുമായിട്ടായിരിക്കും. 2019ൽ ഈ വിമാനം സർവീസിനെത്തുമെന്നാണു കണക്കാക്കുന്നത്. എയർബസ് എ 300–600 ST(സൂപ്പർ ട്രാൻസ്പോർട്ടർ) വിമാനങ്ങളാണു ബലൂഗ എന്നറിയപ്പെടുന്നത്. ചെറു വിമാനങ്ങളും, വിമാന ഭാഗങ്ങളും  വളരെ വലുപ്പമുള്ള മറ്റു വസ്തുക്കളും  ദൂരസ്ഥലങ്ങളിലേക്കു കൊണ്ടുപോകുന്നതിന് എയർബസ് പുറത്തിറക്കിയതാണീ വിമാനം. 1995ലാണ് ഈ വിമാനം ആദ്യമായി നിർമിച്ചത്. അഞ്ചെണ്ണമേ ഇതുവരെ നിർമിച്ചിട്ടുള്ളൂ. 28.5കോടി ഡോളറായിരുന്നു അന്നതിന്റെ വില. അഞ്ചു വിമാനങ്ങളും ഇപ്പോഴും ഉപയോഗിക്കുന്നത് എയർബസ് തന്നെ. 

beluga-xl-1 Computer rendering of Beluga XL. Photo Courtesy: Airbus

എയർബസ് ഇപ്പോൾ ഒരു സ്വതന്ത്ര കമ്പനിയാണെങ്കിലും ആദ്യകാലത്ത് ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ എയറോസ്പേസ് കമ്പനികളുടെ സംയുക്ത സംരംഭമായിരുന്നു. വിവിധ രാജ്യങ്ങളിൽ ഉൽപാദിപ്പിക്കുന്ന വിമാനഭാഗങ്ങൾ ഒരിടത്ത് എത്തിച്ച് കൂട്ടിയോജിപ്പിച്ചായിരുന്നു അന്ന് എയർബസ് വിമാനങ്ങൾ പുറത്തെത്തിയിരുന്നത്.  ബലൂഗ എസ്ടി 1992ലാണു നിർമാണം ആരംഭിച്ചത്. 2014ൽ ബലൂഗ എക്സ്എൽ നിർമാണം എയർബസ് പ്രഖ്യാപിച്ചു. എ 330–200 വിമാനത്തിന്റെ പ്ലാറ്റ്ഫോമിലാണ് ബലൂഗ എക്സ്എലിന്റെ നിർമാണം. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ബലൂഗയെക്കാൾ അൽപം കൂടി വലുതാകും ബലൂഗ എക്സ്എൽ. എക്സ്എൽ വന്നാലും പഴയ അഞ്ച് ബലൂഗ(എസ്ടി) വിമാനങ്ങൾ  ഉപേക്ഷിക്കില്ലെന്ന് എയർബസ് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ വിമാനങ്ങളും എയർബസ് തന്നെയാവും ഉപയോഗിക്കുക.

beluga-xl Computer rendering of Beluga XL. Photo Courtesy: Airbus

നേരത്തേയുള്ളതുപോലെ തന്നെ സ്രാവിന്റെ ആകൃതിയിലായിരിക്കും ബലൂഗ എക്സ്എലും. പക്ഷേ കോക്പിറ്റിന്റെ ഭാഗത്ത് ചിരിക്കുന്ന മുഖവും തുറന്നിരിക്കുന്ന കണ്ണുകളും നൽകി ബലൂഗ എക്എസ്എലിനെ കൂടുതൽ സുന്ദരിയാക്കുകയാണ് എയർബസിന്റെ ലക്ഷ്യം. ബലൂഗയെക്കാൾ 30 ശതമാനം അധികം ഭാരം വഹിക്കാനാകും. എയർബസ് ബലൂഗ എക്സ്എലിന്റെ  ആറു വ്യത്യസ്ത ഡിസൈനുകൾ എയർബസ് ജീവനക്കാർക്കു തന്നെ നൽകി അവരിൽ നിന്നുള്ള നിർദേശപ്രകാരമാണു പുതിയ  ചിരിക്കുന്ന മുഖം സ്വീകരിച്ചത്. 40 ശതമാനം ജീവനക്കാരും ഇതാണ് തിരഞ്ഞെടുത്തതത്രെ. ബലൂഗ എസ്ടിയേക്കാൾ ആറു മീറ്റർ നീളവും ഒരു മീറ്റർ വീതിയും കൂടുതലുണ്ട്. ബലൂഗ എസ്ടിയ്ക്ക്  എയർബസിന്റെ വലിയ വിമാനമായ എ350 യുടെ ഒരു ചിറകു വഹിച്ചുപറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ബലൂഗ എക്സ്എല്ലിനു രണ്ടു ചിറകുകൾ വഹിച്ച് പറക്കാൻ കഴിയും. എക്സ്എല്ലിന്റെ നിർമാണ പ്രവർത്തനങ്ങൾ  ഫ്രാൻസിലെ ടുളൂസിൽ പാതിവഴിയെത്തി. വിമാനത്തിന്റെ നീളം 63.1 മീറ്ററും വീതി 8.8 മീറ്ററുമായിരിക്കും. 60.3 മീറ്ററാണു ചിറകറ്റങ്ങളുടെ അളവ്. പൊക്കം 18.9 മീറ്റർ. 54 ടൺ വരെ ഭാരം വഹിച്ചു പറക്കാനാകും.