‘എത്തിയോസ്’ കയറ്റുമതി വർധിപ്പിക്കാൻ ടി കെ എം

ഇന്ത്യയിൽ നിന്നുള്ള കാർ കയറ്റുമതി വർധിപ്പിക്കാൻ ടൊയോട്ട കിർലോസ്കർ മോട്ടോറി(ടി കെ എം)നു പദ്ധതി. ‘എത്തിയോസ്’ ശ്രേണിയെ പുതിയ വിദേശ വിപണികളിലേക്കു കയറ്റുമതി ചെയ്യാൻ മാതൃസ്ഥാപനമായ ടൊയോട്ട മോട്ടോർ കോർപറേഷനുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും ടി കെ എം വ്യക്തമാക്കി. ബെംഗളൂരുവിനടുത്തു സ്ഥാപിച്ച രണ്ടാമത്തെ നിർമാണശാലയുടെ ശേഷി വിനിയോഗം മെച്ചപ്പെടുത്താനുള്ള തീവ്രശ്രമമാണു ടി കെ എം നടത്തുന്നത്. നിലവിൽ സെഡാനായ ‘എത്തിയോസും’ ഹാച്ച്ബാക്കായ ‘എത്തിയോസ് ലിവ’യും ദക്ഷിണാഫ്രിക്കയിലേക്കു മാത്രമാണു കമ്പനി കയറ്റുമതി ചെയ്യുന്നത്; കഴിഞ്ഞ വർഷത്തെ കയറ്റുമതിയാവട്ടെ അര ലക്ഷത്തോളം യൂണിറ്റായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കു പുറമെ മറ്റു റൈറ്റ് ഹാൻഡ് ഡ്രൈവ് രീതി പിന്തുടരുന്ന രാജ്യങ്ങളിലേക്കു കൂടി ‘എത്തിയോസ്’ കയറ്റുമതി വ്യാപിപ്പിക്കാനാണു ടൊയോട്ടയുടെ പിന്തുണ തേടിയതെന്നു ടി കെ എം ഡയറക്ടറും വിൽപ്പന — വിപണന വിഭാഗം സീനിയർ വൈസ് പ്രസിഡന്റുമായ എൻ രാജ വിശദീകരിച്ചു. കയറ്റുമതി വിപുലീകരണ പദ്ധതി നിലവിൽ പ്രാരംഭ ഘട്ടത്തിലാണെന്നും തീരുമാനം നടപ്പാവാൻ സമയമെടുക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം ‘കൊറോള’ പോലെ ജനപ്രിയമെങ്കിലും മറ്റു രാജ്യങ്ങളിലും പ്രാദേശികതലത്തിൽ നിർമിക്കുന്ന മോഡലുകളെ കയറ്റുമതിക്കു പരിഗണിക്കുന്നില്ലെന്നും  രാജ വ്യക്തമാക്കി. 

കർണാടകത്തിലെ ബിദഡിയിലുള്ള രണ്ടാമതു ശാലയുടെ ശേഷി വിനിയോഗം മെച്ചപ്പെടുത്താൻ വേണ്ടിയാണു കയറ്റുമതി വർധിപ്പിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. സെഡാനുകളായ ‘കൊറോള’യും ‘കാംറി’യും ‘എത്തിയോസ്’ ശ്രേണിയും നിർമിക്കുന്ന ഈ ശാലയ്ക്ക് പ്രതിവർഷം 2.10 ലക്ഷം യൂണിറ്റ് ഉൽപ്പാദിപ്പിക്കാനാവും; നിലവിൽ സ്ഥാപിത ശേഷിയുടെ പകുതിയോളം മാത്രമാണ് ഈ ശാല വിനിയോഗിക്കുന്നത്.  അതേസമയം ആദ്യ ശാലയുടെ ഉൽപ്പാദനശേഷിയുടെ 95 — 97% വിനിയോഗിക്കുന്നുണ്ടെന്ന് രാജ അറിയിച്ചു. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളായ ‘ഇന്നോവ ക്രിസ്റ്റ’യും ‘ഫോർച്യൂണറും’ ഉൽപ്പാദിപ്പിക്കുന്ന ശാലയുടെ വാർഷിക ശേഷി ഒരു ലക്ഷത്തോളം യൂണിറ്റാണ്.