2018 ഓട്ടോ എക്സ്പോയ്ക്ക് കിയ മോട്ടോഴ്സും

Kia Soul 2017

ഇന്ത്യൻ കാർ വിപണിയിൽ പ്രവേശിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോഴ്സ് അടുത്ത വർഷത്തെ ഓട്ടോ എക്സ്പോയിൽ പങ്കെടുക്കും. ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ഉപസ്ഥാപനമായ കമ്പനി  2018 ഓട്ടോ എക്സ്പോയിൽ മൂന്നോ നാലോ മോഡലുകൾ പ്രദർശിപ്പിക്കുമെന്നാണു സൂചന. കോംപാക്ട് സെഡാനും കോംപാക്ട് എസ് യു വിക്കും പുറമെ ചില പ്രീമിയം മോഡലുകളും കിയ പ്രദർശിപ്പിച്ചേക്കും. ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യയ്ക്കു കാര്യമായ സാന്നിധ്യമില്ലാത്ത വിഭാഗമാണു പ്രീമിയം കാറുകൾ. അതുകൊണ്ടുതന്നെ വില കുറഞ്ഞ കാറുകളുടെ നിർമാതാക്കളെന്ന ചീത്തപ്പേര് ഒഴിവാക്കാൻ കൂടി ലക്ഷ്യമിട്ടാവും കിയയുടെ നീക്കങ്ങൾ.

രാജ്യത്തെ ആദ്യ നിർമാണശാല അനന്തപൂരിൽ സ്ഥാപിക്കാനായി കഴിഞ്ഞ മാസം 27നു കിയ മോട്ടോഴ്സും ആന്ധ്ര പ്രദേശ് സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. 2019 മധ്യത്തോടെ പ്രവർത്തനക്ഷമമാവുമെന്നു കരുതുന്ന ശാലയ്ക്കായി 110 കോടി ഡോളർ(ഏകദേശം 7110.40 കോടി രൂപ) ആണു കിയ മോട്ടോഴ്സ് ചെലവഴിക്കുക. പ്രതിവർഷം മൂന്നു ലക്ഷം യൂണിറ്റാണു നിർദിഷ്ട ശാലയുടെ ഉൽപ്പാദനശേഷി. ഇന്ത്യൻ വിപണിക്കായി പ്രത്യേകം രൂപകൽപ്പന ചെയ്യുന്ന കോംപാക്ട് എസ് യു വിയും കോംപാക്ട് സെഡാനുമാവും പുതിയ ശാലയിൽ നിന്നു തുടക്കത്തിൽ പുറത്തിറങ്ങുക.

ആഗോളതലത്തിൽ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന കാർ വിപണിയാണ് ഇന്ത്യ; ലോക കാർ വിപണികളിൽ അഞ്ചാം സ്ഥാനവും ഇന്ത്യയ്ക്കാണ്. കഴിഞ്ഞ വർഷം 33 ലക്ഷത്തോളം കാറുകളാണ് ഇന്ത്യയിൽ വിറ്റഴിഞ്ഞത്. പോരെങ്കിൽ 2020 അവസാനത്തോടെ ഇന്ത്യ ലോക കാർ വിപണികളിൽ മൂന്നാം സ്ഥാനത്തേക്കു മുന്നേറുമെന്ന പ്രവചനങ്ങളും നിലവിലുണ്ട്.