ഓഫ് റോ‍ഡ് പ്രേമികൾക്ക് ആവേശമായി 4x4 എക്സ്ട്രീം

കെടിഎം ജീപ്പേഴ്സ് സംഘടിപ്പിച്ച പതിനൊന്നാമത് ഇസൂസു 4x4 എക്സ്ട്രീം ഡ്രൈവ് വാഗമണിൽ നടന്നു. വാഗമണിലെ എംഎംജെ പ്ലാന്റേഷൻസിൽ നടന്ന റാലിയിൽ 15 വാഹനങ്ങളാണ് പങ്കെടുത്തത്. മൂന്നു ദിവസമായി നടന്ന ഓഫ്റോഡ് റാലിയിൽ ആറ് സ്റ്റേജുകളാണ് ഉണ്ടായിരുന്നത്. ആദ്യ ദിനത്തിൽ ഒരു സ്റ്റേജും (നൈറ്റ് സ്റ്റേജ്) രണ്ടാം ദിനത്തിൽ മൂന്ന് സ്റ്റേജുകളിലും മൂന്നാം ദിനത്തിൽ നാല് സ്റ്റേജുകളിലുമായാണ് മത്സരം നടന്നത്.

ഇസൂസുവുമായി സഹകരിച്ച് സംഘടിപ്പിച്ച ഇവന്റിൽ ഇസൂസു ഡിമാക്സ് വിക്രോസിന്റെ ഫൺ ഡ്രൈവും നടന്നു. ബാംഗ്ലൂർ സ്വദേശികളായ സിദ്ധാർഥ് സന്തോഷ്, പൃഥ്വിരാജ് എസി എന്നിവരാണ് മത്സരത്തിൽ വിജയിച്ചത്. കൂർഗ് സ്വദേശികളായ സിബി പോൾ, വിനയ് തോമസ് എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനത്തും വിപിൻ ദാസ്, ജിനു ജോയ് എന്നിവരുടെ ടീം മൂന്നാം സ്ഥാനത്തുമെത്തി.

വാഹനത്തിെന്റയും ഡ്രൈവറുടേയും കോ ഡ്രൈവറുടേയും കഴിവുകൾ‌ പരമാവധി അളക്കുന്ന രീതിയിലായിരുന്നു ഓരോ സ്റ്റേജുകളും സംഘടിപ്പിച്ചത്. റോൾഗേജ്, വിഞ്ച് തുടങ്ങിയുള്ള വാഹനങ്ങള്‍ക്ക് മാത്രമായിരുന്നു മത്സരത്തിൽ പങ്കെടുക്കാൻ അവസരം. മത്സരത്തിലെ ചില സ്റ്റേജുകൾ ഇന്ത്യയിൽ തന്നെ ആദ്യമായാണ് സംഘടിപ്പിക്കുന്നതെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്.