കിയ ആന്ധ്രയ്ക്ക് പോയത് ആഭ്യന്തര നയം മൂലമെന്നു തമിഴ്നാട്

KIA Soul

കമ്പനിയുടെ ആഭ്യന്തര നയങ്ങൾ മുൻനിർത്തിയാണു ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോഴ്സ് പുതിയ ശാലയ്ക്കായി തമിഴ്നാടിനെ പരിഗണിക്കാതിരുന്നതെന്നു സംസ്ഥാന സർക്കാർ. സഹസ്ഥാപനമായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ നിർമാണശാല പ്രവർത്തിക്കുന്നതിനാലാണു പുതിയ പ്ലാന്റിനു തമിഴ്നാടിനെ പരിഗണിക്കാനാവാതെ പോയതെന്നു കിയ മോട്ടോഴ്സ് അറിയിച്ചെന്നാണു സർക്കാരിന്റെ വാദം.  

തമിഴ്നാട്ടിലെ അഴിമതിയെ തുടർന്നാണു കിയ മോട്ടോഴ്സ് പുതിയ നിർമാണശാല സ്ഥാപിക്കാൻ ആന്ധ്ര പ്രദേശിനെ തിരഞ്ഞെടുത്തതെന്ന വാർത്തകൾ പ്രചരിച്ച സാഹചര്യത്തിലാണു സർക്കാരിന്റെ വിശദീകരണം. യു എസിലും ചൈനയിലും യൂറോപ്പിലുമൊന്നും ഹ്യുണ്ടേയ് മോട്ടോറിന്റെ ശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തു കമ്പനി സ്വന്തം നിർമാണകേന്ദ്രം സ്ഥാപിച്ചിട്ടില്ലെന്ന് 2016 സെപ്റ്റംബർ ഒന്നിന് അയച്ച കത്തിലാണു കിയ മോട്ടോഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഹാൻ വൂ പാർക്ക് തമിഴ്നാട് സർക്കാരിനെ അറിയിച്ചത്. ഹ്യുണ്ടേയിയുടെ സഹോദര സ്ഥാപനമെങ്കിലും സ്വതന്ത്ര നിലയാണു കിയ മോട്ടോഴ്സിന്റെ പ്രവർത്തനമെന്നും പാർക്ക് വ്യക്തമാക്കുന്നു. 

അതേസമയം വ്യവസായ മേഖലയിലേക്കു നിക്ഷേപം ആകർഷിക്കുന്നതിൽ സംസ്ഥാനം ഇപ്പോഴും മുൻനിരയിലാണെന്നും തമിഴ്നാട് സർക്കാർ അവകാശപ്പെടുന്നുണ്ട്. വാഹനങ്ങളും പവർട്രെയ്നും നിർമിക്കാനായി കാഞ്ചീപുരത്തും ഹൊസുരിലുമായി മൂന്നു ശാലകൾ സ്ഥാപിക്കാൻ 3,000 കോടി രൂപയുടെ നിക്ഷേപമാണ് ഫ്രഞ്ച് കമ്പനിയായ പി എസ് എ പ്യുഷൊ സിട്രോൻ വാഗ്ദാനം ചെയ്തിരിക്കുന്നത്. 1,500 തൊഴിവസരസങ്ങളാണ് ഈ പദ്ധതി സൃഷ്ടിക്കുക. ആദ്യഘട്ട വികസനം പൂർത്തിയാവുന്നതോടെ നിക്ഷേപം 4,000 കോടിയിലെത്തുമെന്നും ഔദ്യോഗിക അറിയിപ്പിലുണ്ട്.

കൂടാതെ കാഞ്ചീപുരത്തെ ഷോളിംഗനല്ലൂരിൽ ഗ്ലോബൽ ടെക്നോളജി ആൻഡ് ബിസിനസ് റിസർച് സെന്റർ സ്ഥാപിക്കാനായി യു എസ് നിർമാതാക്കളായ ഫോഡ് 1,300 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. 12,000 തൊഴിലവസരം സൃഷ്ടിക്കുമെന്നു കരുതുന്ന പദ്ധതിക്കായി ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് തമിഴ്നാട് ലിമിറ്റഡ്(ഇ എൽ സി ഒ ടി) 28 ഏക്കർ ഭൂമിയാണ് അനുവദിച്ചത്. പ്രതിവർഷം രണ്ടു ലക്ഷം കാറുകളും രണ്ടര ലക്ഷം എൻജിനുകളും നിർമിക്കാവുന്ന ശാലയ്ക്കായി ഫോഡ് 4,500 കോടി രൂപ നേത്തെ നിക്ഷേപിച്ചിരുന്നു. ഇതിന പുറമെ ഹ്യുണ്ടേയിയുടെ വികസനം, യമഹ മ്യൂസിക്കൽ ഇൻസ്ട്രമെന്റ്സ്, സൂഷു കൺസ്ട്രക്ഷൻ മെഷീനറി, വേദാന്ത ലിമിറ്റഡ്, ഐ ടി സി ലിമിറ്റഡിന്റെ വികസനം, സിയറ്റ് ടയേഴ്സ്, ജർമനിയിൽ നിന്നുള്ള ഫ്രുഡൻബർഗ് തുടങ്ങിയവയിൽ നിന്നായ് 15,000 കോടി രൂപയുടെ നിക്ഷേപവും തമിഴ്നാട് പ്രതീക്ഷിക്കുന്നുണ്ട്.