‘ഐ ത്രി എസ്’ സഹിതം ‘എച്ച് എഫ് ഡീലക്സ്’; വില 49,900

Hero HF Deluxe i3S

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് ഐ ത്രി എസ് സാങ്കേതികവിദ്യയോടെ ‘എച്ച് എഫ് ഡീലക്സ്’ വിൽപ്പനയ്ക്കെത്തച്ചു. 49,900 രൂപയാണ് ‘എച്ച് എഫ് ഡീലക്സി’ന്റെ മുന്തിയ പതിപ്പായ ബൈക്കിനു മുംബൈ ഷോറൂമിൽ വില. ഇതോടെ മൂന്നു വകഭേദങ്ങളിൽ ‘എച്ച് എഫ് ഡീലക്സ്’ വിപണിയിലുണ്ട്. കിക്ക് സ്റ്റാർട്ടും സ്പോക്ക് വീലുമുള്ള അടിസ്ഥാന പതിപ്പിന് 39.897 രൂപയാണു വില. ‘ഇകോ’ വകഭേദത്തിനാവട്ടെ 48,227 രൂപയും. 

ഗതാഗതക്കുരുക്കിൽ ഇന്ധനം ലാഭിക്കാൻ സഹായിക്കുന്ന ഐ ത്രി എസ് സാങ്കേതികവിദ്യയുടെ വരവാണ് ‘എച്ച് എഫ് ഡീലക്സ് ഐ ത്രി എസി’ലെ പ്രധാന മാറ്റം; ഗീയർ ന്യൂട്രലിലെത്തിയാലുടൻ എൻജിൻ പ്രവർത്തനം അവസാനിപ്പിച്ചാണ് ‘ഐ ത്രി എസ്’ ഇന്ധനം ലാഭിക്കുന്നത്. പിന്നീട് ക്ലച് അമർത്തിയാലുടൻ എൻജിൻ വീണ്ടും പ്രവർത്തനം തുടങ്ങുകയും ചെയ്യും. ഐ ത്രി എസ് ‘എച്ച് എഫ് ഡീലക്സി’ന്റെ ഇന്ധനക്ഷമത സംബന്ധിച്ച് ഹീറോ മോട്ടോ കോർപ് അവകാശവാദമൊന്നും ഉന്നയിച്ചിട്ടില്ല; എങ്കിലും ഓരോ ലീറ്ററിലും ബൈക്ക് 70 കിലോമീറ്ററെങ്കിലും ഓടുമെന്നാണു പ്രതീക്ഷ. 

മലിനീകരണ നിയന്ത്രണ നിലവാരത്തിൽ ഭാരത് സ്റ്റേജ് നാല്(ബി എസ് നാല്) നിലവാരം പാലിക്കുന്ന 97.2 സി സി ഫോർ സ്ട്രോക്ക് എൻജിനാണു ബൈക്കിനു കരുത്തേകുന്നത്. പരമാവധി 8.36 പി എസ് കരുത്തും 8.05 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. പുതിയ ഗ്രാഫിക്സിനപ്പുറം ബൈക്കിന്റെ രൂപത്തിലോ ഭാവത്തിലോ കാര്യമായ മാറ്റമൊന്നും ‘എച്ച് എഫ് ഡീലക്സ് ഐ ത്രി എസി’ൽ ഹീറോ വരുത്തിയിട്ടില്ല. അതേസമയം സാധാരണ ‘ഐ ത്രി എസ്’ മോഡലുകളിൽ നിന്നു വ്യത്യസ്തമായി ബൈക്കിലെ ഇൻസ്ട്രമെന്റ് ക്ലസ്റ്ററിൽ നീല ഔട്ട്ലൈൻ നൽകിയിട്ടുണ്ട്. കൂടാതെ ‘ഇകോ’ വകഭേദത്തെ പോലെ വെള്ള അലോയ് വീലുകളും ബൈക്കിലുണ്ട്.