ജിഎസ്ടി ഹൈബ്രിഡിന്റെ തലയ്ക്ക് അടി

ജിഎസ്ടി നിരക്കുകൾ പുറത്തുവന്നപ്പോൾ വാഹനവ്യവസായത്തിൽ പൊതുവെ ആശ്വാസമാണുണ്ടായതെങ്കിലും, ഇന്ധനം സംബന്ധിച്ച സർക്കാർ നയം മാറ്റം നിരക്കുകളിൽ തെളിഞ്ഞത് പലരെയും ഞെട്ടിച്ചിരിക്കുകയാണ്. ബാറ്ററിയിൽനിനുള്ള വൈദ്യതി ഉപയോഗിച്ചു പ്രവർത്തിക്കുന്ന മോട്ടോറും ഒപ്പം പെട്രോൾ–ഡീസൽ എൻജിനുമുള്ള സങ്കര ഇന്ധന (ഹൈബ്രിഡ്) വാഹനങ്ങൾക്ക്, പൂർണമായും വൈദ്യുതിയിലോടുന്ന വാഹനങ്ങൾക്കെന്നപോലെ നികുതിയിളവുണ്ട് നിലവിൽ. ഇതു മാറ്റി, ഹൈബ്രിഡ് വാഹനങ്ങൾക്ക് ഏറ്റവും ഉയർന്ന സ്ലാബിലെ നികുതിയും (28%) സെസു(15%)മാണ് (ആകെ 43%) ജിഎസ്ടിയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പൂർണ ഇലക്ട്രിക് വാഹനങ്ങൾക്കാകട്ടെ 12% നികുതിയേ നൽകേണ്ടൂ.

മാരുതി സുസുകി, ടൊയോട്ട, മഹീന്ദ്ര, ഹ്യുണ്ടായ്, ടാറ്റ, ഹോണ്ട തുടങ്ങിയ പ്രമുഖരൊക്കെ ഹൈബ്രിഡ് അടക്കമുള്ള ഹരിത സാങ്കേതിക വിദ്യകളിൽ പണമിറക്കുമ്പോഴാണ് സർക്കാരിന്റെ നയം മാറ്റം. 2032 ആകുന്നതോടെ പൂർണമായി വൈദ്യുത വാഹനങ്ങൾ മതി എന്ന് നിതി ആയോഗ് നൽകിയ ശുപാർശ സർക്കാരിന്റെ പുതിയ നയമാകുമെന്ന സൂചനകളാണു ജിഎസ്ടി നൽകുന്നത്. ഉയർന്നശേഷിയുള്ള വൈദ്യുത മോട്ടോറുകൾ നിർമിക്കുമെന്നു പ്രഖ്യാപിച്ചാണ് മഹീന്ദ്ര പുതിയ നയത്തോടു പ്രതികരിച്ചിരിക്കുന്നത്. നിലവിലുള്ള മോഡലുകളിൽ ചിലതും ‘വൈദ്യുതീകരിക്കും’ എന്നും കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്.