റെക്കോർഡ് വിൽപ്പന നേടി ‘സി ബി ഷൈൻ’

എക്സിക്യൂട്ടീവ് ബൈക്കായ ‘സി ബി ഷൈൻ’ ഒറ്റ മാസത്തിനിടെ ഒരു ലക്ഷം യൂണിറ്റിന്റെ വിൽപ്പന സ്വന്തമാക്കിയെന്നു  ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ). 125 സി സി വിഭാഗത്തിൽ ഒറ്റ മാസത്തെ വിൽപ്പനയിൽ ഒരു ലക്ഷം യൂണിറ്റെന്ന നേട്ടം കൈവരിക്കാൻ ‘സി ബി ഷൈനി’നു മാത്രമാണു സാധിച്ചതെന്നും എച്ച് എം എസ് ഐ വ്യക്തമാക്കി. കഴിഞ്ഞ മാസം 1,00,824 ‘സി ബി ഷൈൻ’ ആണു കമ്പനി വിറ്റത്; 2016 ഏപ്രിലിലെ വിൽപ്പനയായ 66,691 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ 51% വർധനയാണ് ‘ഷൈൻ’ കൈവരിച്ചത്. ‘സി ബി ഷൈൻ’ മികവു കാട്ടിയതോടെ 125 സി സി ബൈക്കുകൾ ഇടംപിടിക്കുന്ന എക്സിക്യൂട്ടീവ് കമ്യൂട്ടർ വിഭാഗത്തിൽ സാന്നിധ്യം ശക്തമാക്കാൻ സാധിച്ചിട്ടുണ്ടെന്നും എച്ച് എം എസ് ഐ അവകാശപ്പെട്ടു. 

നിരന്തരമുള്ള പരിഷ്കാരങ്ങളും പുതുമകളും കരുത്തേകുന്നതിനാൽ ഹോണ്ടയുടെ മോട്ടോർ സൈക്കിൾ വിൽപ്പനയിൽ 55% സംഭാവന ചെയ്യാൻ ‘സി ബി ഷൈൻ’ ബ്രാൻഡിനു സാധിച്ചിട്ടുണ്ടെന്ന് എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേറിയ അഭിപ്രായപ്പെട്ടു. നിലവിൽ 125 സി സി മോട്ടോർ സൈക്കിൾ വിഭാഗത്തിൽ പകുതിയോളം വിപണി വിഹിതം ‘സി ബി ഷൈനി’നു സ്വന്തമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഭാരത് സ്റ്റേജ് നാല് നിലവാരവും ഹോണ്ട ഇകോ ടെക്നോളജിയുടെ പിൻബലവുമുള്ള എൻജിനും ‘ഓട്ടമാറ്റിക് ഹെഡ്ലാംപ് ഓൺ’ സൗകര്യവും ഘർഷണം കുറഞ്ഞ ടയറുമൊക്കെ ചേർന്നാണു ‘സി ബി ഷൈനി’ന്റെ സ്വീകാര്യത വർധിപ്പിച്ചതെന്നാണ് എച്ച് എം എസ് ഐയുടെ വിലയിരുത്തൽ. ‘സി ബി ഷൈൻ’ വിൽപ്പന റെക്കോഡ് നിലവാരം കൈവരിച്ചതോടെ രാജ്യത്തെ മോട്ടോർ സൈക്കിൾ ബ്രാൻഡുകളിൽ രണ്ടാം സ്ഥാനത്തേക്കു മുന്നേറാനും ഹോണ്ടയ്ക്കു സാധിച്ചിട്ടുണ്ട്.