മുഖം മിനുക്കി സെലേറിയോ എത്തുന്നു

Suzuki A Wind Concept, Representative Image

മാരുതിയുടെ ജനപ്രിയ ബജറ്റ് ഹാച്ച്ബാക്കായ സെലേറിയോ പുതിയ രൂപത്തിൽ എത്തുന്നു. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഈ സാമ്പത്തിക വർഷം തന്നെ പുതിയ സെലേറിയോ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. മാരുതിയുടെ പ്രീമിയം ക്രോസ്ഓവറായ എസ് ക്രോസിന് ശേഷമായിരിക്കും കമ്പനി പുതിയ സെലേറിയോയെ പുറത്തിറക്കുക. ഈ സാമ്പത്തിക വർ‌ഷം പുതിയ മൂന്നു മോഡലുകള്‍ പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.

പുതിയ ഗ്രിൽ, ബംബർ, ഹെഡ്‌‍ലൈറ്റ് എന്നിവയായിരിക്കും പ്രധാന മാറ്റങ്ങൾ ഇതുകൂടാതെ ഉള്‍ഭാഗത്തും ധാരാളം മാറ്റങ്ങളുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോൾ, ഡീസൽ വകഭേദങ്ങളുള്ള സെലേറിയോയുടെ ഡീസൽ പതിപ്പിനെ മാരുതി അടുത്തിടെ പിൻവലിച്ചിരുന്നു. പുതിയ മോഡലിനൊപ്പം പുതിയ ഡീസൽ എന്‍ജിനോടു കൂടിയ മോ‍ഡലുമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ പെട്രോൾ എൻജിനിൽ കാര്യമായ മാറ്റങ്ങളുണ്ടാകില്ല എന്നു തന്നെയാണ് കരുതുന്നത്.

ഇന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷനോടു കൂടിയാണ് 2014 ൽ സെലേറിയ പുറത്തിറങ്ങുന്നത്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ മാരുതിയുടെ ജനപ്രിയ മോഡലുകളിലൊന്നാകാൻ സെലേറിയോയ്ക്ക് സാധിച്ചു. 2015 ലാണ് ലോകത്തിലെ ഏറ്റവും ചെറിയ ഡീസല്‍ എൻജിനുമായി സെലേറിയോ ഡീസൽ പുറത്തിറങ്ങുന്നത്.