ഫോഡ് അമേരിക്കയുടെ പ്രസിഡന്റായി മലയാളി രാജ് നായർ

Raj Nair

അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോഡ് മോട്ടോർ കമ്പനിയുടെ അമേരിക്കൻ വിഭാ‌ഗം പ്രസിഡന്റായി മലയാളി രാജ് നായരെ  നിയമിച്ചു. കമ്പനിയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവായ ജയിംസ് ഹാക്കറ്റിന്റെ പിന്തുണയോടെയാണ് രാജ് നായർ അമേരിക്കൻ ഫോഡിന്റെ തലവനായി എത്തുന്നത്.  

മാർക്കറ്റ് പിടിച്ചക്കാൻ കാർ നിർമ്മാതാക്കളുടെ കടുത്ത മത്സരം നേരിടുന്ന കാലഘട്ടത്തിൽ ഫോർഡ് കമ്പനിയെ മുൻ നിരയിലെത്തിക്കാൻ നടത്തുന്ന യത്നങ്ങളുടെ ഭാഗമായി കമ്പനിയുടെ തലപ്പത്ത് ഏറെ അഴിച്ചു പണികൾ നടന്നിരുന്നു. ഇതിന്റെ ഭാഗമായാണ് മലയാളിയും കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ടെക്നോളജി ഓഫിസറുമായിരുന്ന രാജ് നായരെ കമ്പനി  ഡയറക്ടർ ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്കു നിയമിച്ചിരിക്കുന്നത്.

1987 ൽ  ബോഡി ആന്റ് അസംബ്ലി വിഭാഗത്തിൽ എൻജിനീയറായി ഫോർഡ് കമ്പനിയിൽ ചേർന്ന രാജ് നായർ തുടർച്ചയായി നേട്ടങ്ങൾ കൊയ്തു ഭീമൻ കാർ നിർമ്മാണ കമ്പനിയുടെ തലപ്പത്തെത്തിയത്. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഫോർഡ് കാർ നിർമ്മാണം ആരംഭിക്കാൻ ചുക്കാൻ പിടിച്ചതും രാജ് നായർ തന്നെയാരിരുന്നു. 

കോഴിക്കോട് ചാലപ്പുറം സ്വദേശിയായ പരേതനായ ഡോ. ശങ്കർ നായർ(ഡീൻ ഓഫ് സതേൺ ഇല്ലിനോയി യൂണിവേഴ്സിറ്റി), പരേതയായ പ്രഫസർ സുഭദ്ര നായർ(സെന്റ് ലൂയിസ് യൂണിവേഴ്സിറ്റി) എന്നിവരുടെ പുത്രനാണ് രാജ് നായർ.  ഭാര്യ വെൻണ്ടി, മക്കൾ സമാന്ത, ജസ്സീക്ക എന്നിവർ വിദ്യാർത്ഥികളാണ്.