‘കാല’യുടെ ജീപ്പ് എനിക്ക് വേണം: ആനന്ദ് മഹീന്ദ്ര

Kaala

കബാലിക്ക് ശേഷം സൂപ്പർസ്റ്റാർ രജനീകാന്തും പാ രജ്‍‍ഞിത്തും ഒരുമിക്കുന്ന ചിത്രമാണ് കാല. കബാലീശ്വരനെ വെല്ലുന്ന ലുക്കിലാണ് സൂപ്പർസ്റ്റാർ കാലയിൽ എത്തുന്നത്. മുംബൈ ചേരികളുടെ പശ്ചാത്തലത്തിൽ മുഖത്ത് ചെറുപുഞ്ചിരിയുമായി മഹീന്ദ്ര ഥാറിന്റെ ബോണറ്റിലിരിക്കുന്ന രജനിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ആരാധകരിൽ ഏറെ ആവേശം സൃഷ്ടിച്ചു.

ഇപ്പോഴിതാ ചിത്രത്തിലെ ഥാറിനെ അന്വേഷിച്ച് മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ എം‍ഡി ആനന്ദ് മഹീന്ദ്ര എത്തിയിരിക്കുന്നു. സൂപ്പർസ്റ്റാർ രജനി ചിത്രത്തിൽ ഉപയോഗിക്കുന്ന ജീപ്പ് തനിക്ക് വേണം എന്നാണ് മഹീന്ദ്ര ട്വീറ്റ് ചെയ്തിരിക്കുന്നത്. ചരിത്രത്തിന്റെ ഭാഗമാകാൻ പോകുന്ന ജീപ്പ് മഹീന്ദ്രയുടെ മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനാണ് ആവശ്യപ്പെടുന്നതെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിട്ടുണ്ട്.

അധോലോക നായകനായാണ് ഇത്തവണയും രജനി എത്തുന്നത്. കബാലിയിൽ മലേഷ്യ ആയിരുന്നെങ്കിൽ കാലയിൽ മുംബൈയാണ് തട്ടകം. നാനാ പടേക്കര്‍, ഹുമ ഖുറേഷി, സമുദ്രക്കനി, ഈശ്വരി റാവു, അഞ്ജലി പട്ടീല്‍, സമ്പത്ത്, രവി കാലെ, സയാജി ഷിന്‍ഡെ, പങ്കജ് ത്രിപാഠി, മേജര്‍ ബിക്രംജീത്, അരുള്‍ദോസ്, ആകാശ്, വത്തിക്കുച്ചി ദിലീപന്‍, മണികണ്ഠന്‍, അരുന്ധതി, സാക്ഷി അഗര്‍വാള്‍, പെരുമാള്‍, സുകന്യ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കരികാലൻ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ.