ജി എസ് ടി: 1.5 ലക്ഷം രൂപ വരെ കിഴിവുമായി ഇസൂസു

ജൂലൈ ഒന്നിനു ചരക്ക്, സേവന നികുതി(ജി എസ് ടി) നടപ്പാവുമെന്ന പ്രതീക്ഷയിൽ ജാപ്പനീസ് വാഹന നിർമാതാക്കളായ ഇസൂസു മോട്ടോഴ്സ് ഇന്ത്യയും വില കുറച്ചു. വിവിധ മോഡലുകളുടെ വിലയിൽ 60,000 മുതൽ 1.5 ലക്ഷം രൂപയുടെ വരെ ഇളവാണ് ഇസൂസു ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ അടുത്തയിടെ  വിൽപ്പനയ്ക്കെത്തിയ  സ്പോർട് യൂട്ടിലിറ്റി വാഹന(എസ്  യു  വി)മായ ‘എം യു — എക്സി’ന്റെ ഡൽഹി ഷോറൂം വില 22.40 മുതൽ 24.40 ലക്ഷം രൂപ വരെയായി; അവതരണ വേളയിൽ ‘എം യു — എക്സി’ന് 23.90 ലക്ഷം മുതൽ 25.90 ലക്ഷം രൂപ വരെയായിരുന്നു വില. പിക് അപ് ആയ ‘വി ക്രോസി’ന്റെ ഡൽഹി ഷോറൂമിലെ  വില 12.70 ലക്ഷം രൂപയായി കുറഞ്ഞു. 

ജി എസ് ടിയുടെ വരവ് എസ് യു വി, പ്രീമിയം കാർ ഇടപാടുകാർക്കാണ് ഭാഗ്യം സമ്മാനിച്ചിരിക്കുന്നത്. പുതിയ നികുതി ഘടന പ്രാബല്യത്തിലെത്തുന്നതിനു മുന്നോടിയായി തന്നെ വിവിധ നിർമാതാക്കൾ ജി എസ് ടിയുടെ ആനുകൂല്യം അനുവദിച്ചു കഴിഞ്ഞു. എസ് യു വിയായ ‘എം യു എക്സി’ നു പുറമെ മൂന്നു പിക് അപ് ട്രക്കുകളും ആന്ധ്ര പ്രദേശിലെ ശ്രീ സിറ്റിയിൽ പ്രവർത്തിക്കുന്ന പുതിയ ശാലയിൽ ഇസൂസു ഇന്ത്യ നിർമിക്കുന്നുണ്ട്: വ്യക്തിഗത ഉപയോഗത്തിനുള്ള ‘വി ക്രോസ്’, വാണിജ്യ ആവശ്യങ്ങൾക്കായി ‘എസ് കാബ്’, ‘റഗുലർ കാബ്’ എന്നിവ. തുടക്കത്തിൽ തായ്ലൻഡിൽ നിർമിച്ച് ഇറക്കുമതി ചെയ്ത വാഹനങ്ങളാണ് ഇസൂസു ഇന്ത്യയിൽ വിറ്റിരുന്നത്. 2016 ഏപ്രിലിലാണ് ശ്രീസിറ്റി ശാല പ്രവർത്തനക്ഷമമായത്. 

കഴിഞ്ഞ സാമ്പത്തിക വർഷം പിക് അപ് വിഭാഗത്തിൽ മൂവായിരത്തോളം യൂണിറ്റ് വിൽപ്പന നേടിയെന്നാണു കമ്പനിയുടെ കണക്ക്; ഇതിൽ 2,000 ‘വി ക്രോസും’ ആയിരത്തോളം ‘എസ് കാബ്’, ‘റഗുലർ കാബ്’ പിക് അപ്പുകളും ഉൾപ്പെടും. നടപ്പു സാമ്പത്തിക വർഷത്തെ വിൽപ്പനയിൽ 15% വർധന കൈവരിക്കാനാവുമെന്നാണ് ഇസൂസു മോട്ടോഴ്സിന്റെ പ്രതീക്ഷ. ആദ്യ ഘട്ടത്തിൽ പ്രതിവർഷം അര ലക്ഷം യൂണിറ്റാണ് ശ്രീ സിറ്റി യൂണിറ്റിന്റെ ഉൽപ്പാദനശേഷി; ക്രമേണ വാർഷിക ശേഷി 1.20 ലക്ഷം യൂണിറ്റ് വരെയായി വർധിപ്പിക്കാവുന്ന വിധത്തിലാണു ശാലയുടെ രൂപകൽപ്പന. 3,000 കോടി രൂപ ചെലവിൽ സ്ഥാപിച്ച ശാലയിൽ നിന്ന് സാർക് രാജ്യങ്ങളിലേക്കും മധ്യ പൂർവ ദേശത്തേക്കും ആഫ്രിക്കയിലേക്കും വാഹനങ്ങൾ കയറ്റുമതി ചെയ്യാനും ഇസൂസുവിനു പദ്ധതിയുണ്ട്.