ജീപ്പ് ‘കോംപസ്’ പരസ്യത്തിൽ മിലിന്ദ് സോമൻ

ഇന്ത്യയിലെത്തുന്ന ‘ജീപ്പ് കോംപസി’ന്റെ പ്രചാരകനായി ഫിയറ്റ് ക്രൈസ്‌ലർ ഓട്ടമൊബീൽ(എഫ് സി എ) നടൻ മിലിന്ദ് സോമനെ രംഗത്തിറക്കുന്നു. ‘കോംപസിനെ അറിയുക’ എന്നു പേരിട്ട പരസ്യ പ്രചാരണത്തിന്റെ മുഖമായിട്ടാവും സോമൻ എത്തുക. ആഭ്യന്തര, ആഗോള വിപണികൾക്കായി ഇന്ത്യയിൽ നിർമിക്കുന്ന ‘ജീപ്പ് കോംപസി’ന്റെ യാത്രയാണ് പ്രത്യേകമായി തയാറാക്കിയ വിഡിയോയിൽ മിലിന്ദ് സോമൻ വിവരിക്കുക. മൂന്നു ദിനം കൊണ്ട് 500 കിലോമീറ്റർ പിന്നിടേണ്ട ഫ്ളോറിഡയിലെ അൾട്രമാൻ മാരത്തൺ പൂർത്തിയാക്കിയ ചരിത്രമാണു മിലിന്ദ് സോമന്റേത്. ആദ്യ ദിനത്തിൽ 10 കിലോമീറ്റർ നീന്തലും 148 കിലോമീറ്റർ സൈക്കിൾ ചവിട്ടലും, രണ്ടാം ദിനം 276 കിലോമീറ്റർ സൈക്കിൾ യാത്ര, മൂന്നാം ദിനം 84 കിലോമീറ്റർ ഓട്ടം: ഇങ്ങനെയാണ് അൾട്രമാൻ മാരത്തോണിന്റെ മത്സരക്രമം.

കഴിഞ്ഞ ഏപ്രിലിലാണ് എഫ് സി എ ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ള ‘കോംപസ്’ അനാവരണം ചെയ്തത്; ഈ മാസം മുതൽ എസ് യു വിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ആരംഭിക്കും. അടുത്ത മാസത്തോടെ ‘കോംപസ്’ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. അഞ്ചു സീറ്റുള്ള എസ് യു വിയായ ‘കോംപസി’ന്റെ  റൈറ്റ് ഹാൻഡ് ഡ്രൈവ് മോഡൽ മഹാരാഷ്ട്രയില രഞ്ജൻഗാവിൽ മാത്രമാണ് എഫ് സി എ നിർമിക്കുക. അതിനാൽ ഇന്ത്യൻ നിർമിത ‘കോംപസ്’ ആവും ഓസ്ട്രേലിയയിലും യു കെയിലും ജപ്പാനിലുമൊക്കെ വിൽപ്പനയ്ക്കെത്തുക. ജീപ്പ് നിർമാണത്തിനായി 28 കോടി ഡോളർ(ഏകദേശം 1805.30 കോടി രൂപ) നിക്ഷേപമാണ് ഇന്ത്യയിൽ നടത്തിയതെന്ന് എഫ് സി എ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ കെവിൻ ഫ്ളിൻ വെളിപ്പെടുത്തിയിരുന്നു.