സ്കോർപിയോ ഓട്ടമാറ്റിക് ഇനിയില്ല

Mahindra Scorpio

സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘സ്കോർപിയോ’യുടെ ഓട്ടമാറ്റിക് വകഭേദം പിൻവലിച്ചതായി നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ ഔദ്യോഗിക സ്ഥിരീകരണം. കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് ‘സ്കോർപിയോ എ ടി’ ഒഴിവാക്കിയ കമ്പനി ട്വിറ്ററിലൂടെയും ഇക്കാര്യം ആവർത്തിച്ചു. ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള ‘സ്കോർപിയോ’ നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്നില്ലെന്ന് കമ്പനി ഡീലർമാരും വ്യക്തമാക്കുന്നു. 

രണ്ടു വർഷം മുമ്പായിരുന്നു മഹീന്ദ്ര ഓട്ടമാറ്റിക് ട്രാൻസ്മിഷനോടെ ‘സ്കോർപിയോ എ ടി’ പുറത്തിറക്കിയത്; ടു വീൽ ഡ്രൈവ് വകഭേദത്തിന് 13.13 ലക്ഷം രൂപയും ഫോർ വീൽ ഡ്രൈവ് പതിപ്പിന് 14.33 ലക്ഷം രൂപയുമായിരുന്നു ഡൽഹി ഷോറൂമിലെ വില. ‘സ്കോർപിയോ’യുടെ മുന്തിയ വകഭേദമായ ‘എസ് 10’ മാത്രമാണ് ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സഹിതം ലഭ്യമായിരുന്നത്. 

മാനുവൽ ട്രാൻസ്മിഷനൊപ്പം ലഭിക്കുന്നതും മികവു തെളിയിച്ചതുമായ 2.2 ലീറ്റർ എം ഹോക്ക് ഡീസൽ എൻജിനാണ് ‘സ്കോർപിയോ എ ടി’ക്കും കരുത്തേകിയിരുന്നത്. ഓട്ടമാറ്റിക് ട്രാൻസ്മിഷനൊപ്പം 120 ബി എച്ച് പി വരെ കരുത്തും 280 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിച്ചിരുന്നത്; അഞ്ചു സ്പീഡ് ഗീയർബോക്സിനൊപ്പമുള്ള പ്രകടനമാണ് ഓട്ടമാറ്റിക് ട്രാൻസ്മിഷനിലും ഈ എൻജിൻ ആവർത്തിച്ചിരുന്നത്. 

പുതിയ ഓട്ടമാറ്റിക് ഗീയർബോക്സ് അവതരണത്തിനു മുന്നോടിയായാണ് മഹീന്ദ്ര ‘സ്കോർപിയോ എ ടി’ പിൻവലിച്ചതെന്നാണു സൂചന. പരിഷ്കരിച്ച ‘സ്കോർപിയോ’ എത്തുന്നതോടെ പുത്തൻ ഓട്ടമാറ്റിക് ട്രാൻസ്മിഷനുമായി ‘സ്കോർപിയോ എ ടി’യും തിരിച്ചെത്താനാണു സാധ്യത. നിലവിൽ ‘എക്സ് യു വി 500’ മോഡലിലുള്ള ആറു സ്പീഡ്, ടോർക് കൺവർട്ടർ ആവും പുത്തൻ ‘സ്കോർപിയോ’യിലും ഇടംപിടിക്കുകയെന്നും അഭ്യൂഹമുണ്ട്.