മഹീന്ദ്ര ട്രക്സിനെ നയിക്കാൻ വിനോദ് സഹായ്

വിനോദ് സഹായിയെ മഹീന്ദ്ര ട്രക്ക് ആൻഡ് ബസ് ഡിവിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി വിനോദ് സഹായ് നിയമിതനായി. സീനിയർ എക്സിക്യൂട്ടീവ് തലത്തിലെ അഴിച്ചുപണിയുടെ ഭാഗമായാണ് 2015 ജൂണിൽ ടാറ്റ മോട്ടോഴ്സിൽ നിന്നെത്തിയ സഹായിയെ മഹീന്ദ്ര കമ്പനിയുടെ സാരഥ്യം ഏൽപ്പിച്ചത്. 

മത്സരം രൂക്ഷമായിട്ടും ഇടത്തരം, ഹെവി ഡ്യൂട്ടി ട്രക്കുകളുടെ വിഭാഗത്തിൽ ടാറ്റ മോട്ടോഴ്സിന്റെ വിപണി വിഹിതം ഇടിയാതെ നോക്കിയ ചരിത്രമാണു സഹായിയുടേത്. മഹീന്ദ്രയിലെത്തിയ ശേഷം രാജേഷ് ജെജുരികറുടെ നേതൃത്വത്തിൽ ഇരുചക്രവാഹന വിഭാഗത്തെ പുനഃസംഘടിപ്പിക്കുന്നതിലും അദ്ദേഹം നിർണായക സംഭാവന നൽകി. മഹീന്ദ്ര ടു വീലേഴ്സിൽ സഹായിയുടെ പകരക്കാരനായി പ്രകാശ് വകാൻകറെയും നിയോഗിച്ചിട്ടുണ്ട്; നിലവിൽ മഹീന്ദ്ര റീട്ടെയ്ൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ആണ് അദ്ദേഹം. 

മഹീന്ദ്ര ഫാം എക്വിപ്മെന്റ് വിഭാഗത്തിൽ ഫാം ബിസിനസ് ഡിവിഷൻ മേധാവിയായിരുന്ന ഹരീഷ് ചവാനെ ഇന്റർനാഷനൽ ഓപ്പറേഷൻസ് ചീഫ് ഓപ്പറേറ്റിങ് ഓഫിസറാക്കി. മഹീന്ദ്ര വെഹിക്കിൾ മാനുഫാക്ചറേഴ്സ് മേധാവിയായ പങ്കജ് സൊനാൽകറാണു ചവാന്റെ പിൻഗാമി. വാഹന വിഭാഗം പ്രസിഡന്റായ രാജൻ വധേരയുടെ കീഴിലാണ് സഹായിയുടെ പ്രവർത്തനം; ഫാം എക്വിപ്മെന്റ് വിഭാഗം പ്രസിഡന്റ് ജെജുരികറാണു ചവാന്റെയും സൊനാൽകറുടെയും  മേധാവി. പുതിയ നിയമനങ്ങളെല്ലാം ഉടനടി പ്രാബല്യത്തോടെ നിലവിൽ വരുമെന്നു മഹീന്ദ്ര അറിയിച്ചു. എങ്കിലും സഹായി പൂർണ തോതിൽ ചുമതലയേൽക്കുംവരെ നിലവിൽ മഹീന്ദ്ര ട്രക്സ് ആൻഡ് ബസസ് സി ഇ ഒ ആയ നളിൻ മേഹ്ത ഒപ്പമുണ്ടാവും.