ഒപെൽ വിൽപ്പന ജൂലൈ 31നകം പൂർത്തിയാവും

PSA Opel

ജനറൽ മോട്ടോഴ്സിന്റെ യൂറോപ്യൻ ഉപസ്ഥാപനമായ ഒപെലിനെ ഫ്രാൻസിലെ പി എസ് എ ഗ്രൂപ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ജൂലൈ 31നുള്ളിൽ പൂർത്തിയാവുമെന്നു പ്രതീക്ഷ. വിവിധ അധികൃതരിൽ നിന്നുള്ള അംഗീകാരവും അനുമതികളും ലഭ്യമായാൽ ഒപെൽ കൈമാറ്റം ഈ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാനാവുമെന്ന പ്രതീക്ഷയിലാണ് പി എസ് എ.

പ്രവർത്തന നഷ്ടം കനത്തതോടെയാണ് യൂറോപ്യൻ ഉപസ്ഥാനമായ ഒപെലിനെ പി എസ് എ ഗ്രൂപ്പിനു വിൽക്കാൻ ജനറൽ മോട്ടോഴ്സ് തീരുമാനിച്ചത്.  ജർമനിയിലെ ഒപെലും ബ്രിട്ടീഷ് ബ്രാൻഡായ വോക്സോളുമടക്കം 230 കോടി ഡോളർ (ഏകദേശം 14,785.55 കോടി രൂപ) വിലയ്ക്കാണു പി എസ് എ ഗ്രൂപ് യൂറോപ്പിലെ ജി എമ്മിനെ സ്വന്തമാക്കുന്നത്. വർഷാവസാനത്തോടെ കമ്പനി കൈമാറ്റം പൂർത്തിയാക്കാനായിരുന്നു തുടക്കത്തിൽ ജി എമ്മും പി എസ് എയും ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതിലും നേരത്തെ ഇടപാട് പൂർത്തിയാക്കാനാവുമെന്നാണ് ഇപ്പോൾ ജി എമ്മിന്റെ വിലയിരുത്തൽ.

ഇക്കൊല്ലം പകുതിയോടെ തന്നെ പി എസ് എ ഗ്രൂപ്പിനുള്ള കൈമാറ്റം പൂർത്തിയാവുമെന്ന് ഒപെൽ പ്രതീക്ഷ പ്രകടിപ്പിച്ചു. വേണ്ട അനുമതികൾ ലഭ്യമാവുന്ന പക്ഷം ജൂലൈ 31നകം ഓഹരി കൈമാറ്റ നടപടികൾ പൂർത്തിയാവുമെന്നാണു കരുതുന്നത്. ജി എം യൂറോപ്പിനെ സ്വന്തമാക്കുന്നതോടെ പ്യുഷൊ, സിട്രോൻ കാറുകളുടെ നിർമാതാക്കളായ പി എസ് എ ഗ്രൂപ് യൂറോപ്യൻ വാഹന നിർമാതാക്കളിൽ രണ്ടാം സ്ഥാനത്തേക്കു മുന്നേറും. പ്രതിവർഷം 50 ലക്ഷം യൂണിറ്റാണ് പുതിയ കമ്പനിയുടെ ഉൽപ്പാദനശേഷി. യൂറോപ്യൻ വിപണിയിൽ ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗനാണ് ഇപ്പോഴും ഒന്നാം സ്ഥാനം. 

ഫ്രഞ്ച് ബാങ്കായ ബി എൻ പി പാരിബയുടെ പങ്കാളിത്തത്തോടെയാണു പി എസ് എ ഗ്രൂപ് ഒപെൽ ഇടപാട് പൂർത്തിയാക്കുക. ജി എം കൂടി കൈവരുന്നതോടെ യൂറോപ്പിൽ 12 നിർമാണശാലകളിലായി 40,000 ജീവനക്കാരാണു പി എസ് എ ഗ്രൂപ്പിനുണ്ടാവുക. ഇറ്റലിയിലെ ട്യൂറിനിലുള്ള നിർമാണശാല നിലനിർത്തുമെന്നു ജനറൽ മോട്ടോഴ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. വൈദ്യുത കാർ സാങ്കേതികവിദ്യ പോലുള്ള മേഖലകളിൽ ജനറൽ മോട്ടോഴ്സും പി എസ് എയുമായുള്ള സഹകരണം തുടരുകയും ചെയ്യും. അതുപോലെ ചില ‘ബ്യൂക്ക്’ മോഡലുകൾക്കുള്ള സപ്ലൈ കരാറുകളും ഇപ്പോഴത്തേതു പോലെ തുടരും.